ഗുവാഹത്തി : അസം മുസ്ലീങ്ങളെ റോഹിംഗ്യക്കാരിൽ നിന്ന് വേർതിരിച്ചറിയാൻ പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നൽകുമെന്ന് ഹിമന്ത സർക്കാർ . സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയാണ് തദ്ദേശീയരായ മുസ്ലീങ്ങൾക്കായി തിരിച്ചറിയൽ കാർഡുകൾ നൽകണമെന്ന് നിർദേശിച്ചത്.
ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി സംസ്ഥാനത്തേക്ക് ധാരാളം റോഹിംഗ്യകൾ പ്രവേശിക്കുന്നുണ്ട് . ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്ന ഇവരിൽ നിന്ന് തദ്ദേശീയരായ മുസ്ലീങ്ങളെ മാറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് കാർഡുകൾ നൽകുന്നത് .
ഇത് കൂടാതെ ‘അസമീസ് മുസ്ലീങ്ങളെ’ സംസ്ഥാനത്തെ ഒരു പ്രത്യേക വിഭാഗമായി കണക്കാക്കി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു . അസമിലെ മുസ്ലീങ്ങളുടെ കൃത്യമായ എണ്ണം കണക്കാക്കണമെന്നും , പാർലമെന്റിലും സംസ്ഥാന നിയമസഭയിലും ഇവർക്ക് പ്രാതിനിധ്യത്തിനുള്ള അവസരം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം, സ്ത്രീ ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ടും സമിതി ശുപാർശകൾ നൽകിയിട്ടുണ്ട്. മാത്രമല്ല അസമീസ് മുസ്ലീങ്ങളെ ജനസംഖ്യാ നിയന്ത്രണ ചട്ടങ്ങളുടെ പരിധിയിൽ കൊണ്ടുവരുക , പ്രായപൂർത്തിയാകും മുൻപുള്ള പെൺകുട്ടികളുടെ വിവാഹം നിരോധിക്കുക എന്നീ നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുന്നു.
വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മുസ്ലീം സമുദായാംഗങ്ങളുമായി ചർച്ച നടത്തിയ ശേഷമാണ് ഹിമന്ത ബിശ്വ ശർമ്മ കഴിഞ്ഞ വർഷം പ്രത്യേക സമിതി രൂപീകരിച്ചത്. സമിതിയുടെ ശുപാർശകൾ അംഗീകരിക്കുന്നതായും, ഘട്ടം ഘട്ടമായി പദ്ധതികൾ നടപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
















Comments