കൊച്ചി: തിരക്കഥാകൃത്ത് ജോൺ പോളിന്റെ സംസ്‌കാരം പൂർത്തിയായി. കൊച്ചിയിലെ ഇളംകുളത്തെ സെന്റ് മേരീസ് സുനഹോ സിംഹാസന പള്ളിയിൽവെച്ചായിരുന്നു സംസ്‌കാരം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ. നാല് പതിറ്റാണ്ടിലധികം കാലം സിനിമാ മേഖലയിൽ തിളങ്ങിയ പ്രിയ തിരക്കഥാകൃത്തിനെ അവസാനമായി കാണാനായി സിനിമാ ലോകത്ത് നിന്നും നിരവധി പേരാണ് എത്തിയത്.
ഇന്നലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പൊതുദർശനത്തിനായി രാവിലെ ടൗൺ ഹാളിലെത്തിച്ചു. 11 മണിവരെ ഇവിടെ പ്രദർശനമുണ്ടായിരുന്നു. തുടർന്ന് ചാവറ കൾച്ചറൽ സെന്ററിലും മരടിലെ വീട്ടിലും പൊതു ദർശനത്തിന് വെച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു.
ശ്വാസതടസ്സവും മറ്റ് അനുബന്ധ രോഗങ്ങളുമായി കഴിഞ്ഞ രണ്ട് മാസത്തോളമായി ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു അദ്ദേഹം. ശ്വാസ തടസവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും ജോൺ പോളിനെ അവശനാക്കിയിരുന്നു. അദ്ദേഹത്തെ ചികിത്സിക്കുന്നതിനായി പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചിരുന്നു. നൂറിലധികം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥയൊരുക്കിയിട്ടുണ്ട്. കമൽ സംവിധാനം ചെയ്ത പ്രണയ മീനുകളാണ് അവസാനമായി തിരക്കഥ രചിച്ച ചിത്രം.
















Comments