ന്യൂഡൽഹി: ദേശീയ പതാക പാറിച്ച് ലോക റെക്കോർഡിൽ ഇടം നേടി ഇന്ത്യ. ഒരേ സമയം ഏറ്റവും കൂടുതൽ ദേശീയ പതാക വീശി എന്ന റെക്കോർഡ് ഇനി ഇന്ത്യയുടെ പേരിലാണ്. 18 വർഷം മുൻപ് പാകിസ്താൻ സ്വന്തമാക്കിയ റെക്കോർഡാണ് ഇന്ത്യ മറികടന്നത്. ബിഹാറിലെ ഭോജ്പൂരിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങിലാണ് ലോക റെക്കോർഡ് തിരുത്തിയത്. 78,220 ഇന്ത്യൻ പതാകകളാണ് ഒരേ സമയം പാറി പറന്നത്.
ബ്രിട്ടീഷുകാർക്കെതിരെ ആത്മവിശ്വാസത്തോടെ പോരാടിയ ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനി വീർ ബാബു കുൻവർ സിംഗിന്റെ ജന്മവാർഷിക ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയ്‌ക്കിടെയാണ് ഇത്. അമിത് ഷായും കേന്ദ്രമന്ത്രിമാരായ ആർ കെ സിംഗ്, നിത്യാനന്ദ് റായ്, ഉപമുഖ്യമന്ത്രിമാരായ തർകിഷോർ പ്രസാദ്, രേണുദേവി, സുശീൽ കുമാർ മോദി എന്നിവരുൾപ്പെടെ ബിഹാറിലെ ബി ജെ പി നേതാക്കളും ചേർന്ന് അഞ്ച് മിനിറ്റ് മുഴുവൻ ത്രിവർണ പതാക ഉയർത്തി.
പതായ ഉയർന്ന സമയം പിന്നണിയിൽ വന്ദേമാതരം മുഴങ്ങിയിരുന്നു. ഭാരത് മാതാ കി ജയ് വിളികളോടെയാണ് ബിഹാർ ബിജെപി ഘടകം റെക്കോർഡ് സ്വന്തമാക്കിയത്. ഡ്രോൺ ക്യാമറകളിലൂടെ ഗിന്നസ് ബുക്ക് അധികൃതർ പതാക റാലി പകർത്തി. ഗിന്നസ് ബുക്കിലെ അധികൃതരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 2004 ൽ ലാഹോറിൽ നടന്ന ചടങ്ങിൽ 56,000 പാക്കിസ്താനികൾ ദേശീയ പതാക വീശിയതാണ് ഇതിന് മുമ്പ് പാകിസ്താന്റെ പേരിലുള്ള റെക്കോഡ്.
















Comments