ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരന്മാരിൽ ഒരാൾ 17 വയസ്സുകാരൻ. കശ്മീർ ഐജി വിജയകുമാറാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ഭീകരരെയാണ് ഇന്നലെ സുരക്ഷാ സേന വധിച്ചത്. ലഷ്‌കർ ഇ ത്വയ്ബയുടെ ഉന്നത കമാൻഡർ ബാസിത്തിന്റെ വലംകൈയ്യാണ് കൊല്ലപ്പെട്ട ഒരു ഭീകരൻ. പാകിസ്താൻ സ്വദേശി ഹഖാനി ആണ് കൊല്ലപ്പെട്ട മൂന്നാമത്തെ ഭീകരൻ.
17കാരനായ നതീഷ് ഷക്കീൽ വാനിയെ എട്ട് ദിവസം മുൻപ് ശ്രീനഗറിൽ നിന്നും കാണാതായിരുന്നു. ഏപ്രിൽ 16ന് നതീഷ് വീട് വിട്ടിറങ്ങുകയായിരുന്നു. പിന്നാലെ യുവാവിനോട് വീട്ടിലേക്ക് തിരികെ വരണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് തിരികെ വരണമെന്ന് ആവശ്യപ്പെട്ട് നതീഷിന്റെ മാതാപിതാക്കൾ എത്തിയത്. കുടുംബം തന്നെയാണ് മകൻ ഭീകരസംഘടനയിൽ ചേർന്ന വിവരം അറിയിച്ചത്.
ലഷ്‌കർ ഇ ത്വയ്ബയുട ഡെപ്യൂട്ടി കമാൻഡർ റെഹാൻ എന്ന ആരിഫ് ഹസർ ആണ് കൊല്ലപ്പെട്ട മറ്റൊരു ഭീകരൻ. ശ്രീനഗറിൽ പൊലീസ് ഇൻസ്പെക്ടർ പർവേസ്, സബ് ഇൻസ്പെക്ടർ അർഷിദ്, മൊബൈൽ ഫോൺ കടയുടമ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയാണ് റെഹാൻ. ശ്രീനഗർ നഗരത്തിൽ ഹസറിനെതിരെ നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ജമ്മു കശ്മീരിൽ മൂന്ന് ദിവസത്തിനിടെ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണ് പുൽവാമയിലുണ്ടായത്. അതിൽ തന്നെ രണ്ടാമത്തെ കൗമാരക്കാരനാണ് കൊല്ലപ്പെടുന്നത്. ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ 17കാരനായ ഫൈസൽ കൊല്ലപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീർ സന്ദർശിച്ച ദിവസം തന്നെ ഏറ്റുമുട്ടൽ നടന്നത് ഗൗരവത്തോടെയാണ് ഏജൻസികൾ കാണുന്നത്.
















Comments