ന്യൂഡൽഹി: ഇന്ത്യൻ കായികരംഗത്ത് സമ്പൂർണ്ണ സമർപ്പിതരായ കായിക താരങ്ങളും അവരെ പരിശീലിപ്പിക്കുന്ന സർവ്വകലാശാലകളും ചേർന്ന് രാജ്യത്തിന് ധാരാളം നേട്ടങ്ങൾ സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗളൂരുവിലെ ഖേലോ ഇന്ത്യ ഗെയിംസിന് ആശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയിലെ യുവാക്കളുടെ ഉത്സാഹവും പ്രതീക്ഷകളും ആഗ്രഹങ്ങളുമാണ് ഈ നാടിനെ മുന്നോട്ട് നയിക്കുന്നത്. കായിക രംഗത്താണ് ഈ വളർച്ച ഏറെ പ്രകടമായിരിക്കുന്നത്. രാജ്യത്തുടനീളം കായിക-ശാസ്ത്ര മേഖലകളുടെ ഏകോപനം ഏറെ പ്രധാനപ്പെട്ട മേഖലയായി മാറിയിരിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു. ഇതിന് വേണ്ടത് ഒരു സമഗ്രമായ സമീപനമാണ്. ആരേയും തഴയാതെ എല്ലാവരുടേയും ആവേശം ഉൾക്കൊണ്ടുകൊണ്ടുള്ള സമീപനം ആവശ്യമാണ്. എല്ലാ മേഖലയിലും പരിശ്രമം- നൂറു ശതമാനം പ്രയത്‌നം എന്നതായിരിക്കണം കായിക രംഗത്ത് നാം മുറുകെ പിടിക്കേണ്ടത്. നമ്മുടെ ധാരാളം യുവാക്കൾ രാജ്യാന്തര മേഖലകളിയേക്ക് ഉയരും. ധാരാളം നേട്ടങ്ങളും കൊയ്യുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ന് ഇന്ത്യയിൽ സമ്പൂർണ്ണ സമർപ്പിതമായ കായിക സർവ്വകലാശാലകൾ പിറവിയെടുത്തുകൊണ്ടിരിക്കുന്നു. ഇത് യുവാക്കളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് വേണ്ടിയാണ്. കായികരംഗത്തിനും ജീവിതത്തിനും ശൗര്യത്തിന്റേയും ആവേശത്തിന്റേയും ബന്ധമാണുള്ളത്. ഒപ്പം അതിനോടുള്ള അടങ്ങാത്ത താൽപ്പര്യവും മറ്റൊരു ഘടകമാണ്. കായിക രംഗത്തും ജീവിതത്തിലും വെല്ലുവിളികളെ നേരിടുന്നവർക്കാണ് വിജയം. ഇവിടെ വിജയിച്ചാലും പരാജയപ്പെട്ടാലും ധാരാളം അനുഭവമാണ് നമുക്ക് ലഭിക്കുന്നത്. അത് യുവാക്കൾക്ക് ജീവിത വിജയമാണ് സമ്മാനിക്കുന്നത്. മറ്റൊന്ന് ടീം സ്പിരിറ്റാണ്. കൂട്ടായ്മയാണ് കായികരംഗത്തിന്റെ കരുത്ത്. അത് ഏറെയുള്ളത് യുവാക്കൾക്കാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
















Comments