പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഇഖ്ബാൽ ഒളിവിൽ കഴിഞ്ഞതും പള്ളിയിലെന്ന് പോലീസ്. ഇന്നലെ അറസ്റ്റിലായ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. കൊലയാളി സംഘം ഉപയോഗിച്ചിരുന്ന ഒരു വാഹനം കൂടി തെളിവെടുപ്പിനിടെ അന്വേഷണ സംഘം കണ്ടെത്തി. വെള്ള നിറത്തിലുള്ള സ്‌കൂട്ടറാണ് കണ്ടെത്തിയത്.
തടുക്കശ്ശേരി മുളയംകുഴി പള്ളിയിലാണ് ഇഖ്ബാൽ ഒളിവിൽ കഴിഞ്ഞത്. കൊലയ്‌ക്ക് ശേഷം 5 ദിവസം പ്രതി പള്ളിയിൽ ഒളിവിൽ കഴിഞ്ഞുവെന്ന് പോലീസ് പറയുന്നു. ഇഖ്ബാൽ ഓടിച്ച വാഹനമാണ് ഇവിടെ നിന്നും തെളിവെടുപ്പിനിടെ കണ്ടെത്തിയത്. പ്രദേശത്ത് തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കൊലപാതക ശേഷം പിരിഞ്ഞ സംഘത്തിലെ ഓരോരുത്തരായി ഒളിവിൽ പോകുകയായിരുന്നു.
കോങ്ങാട് നിന്നാണ് ഇഖ്ബാലിനെ പിടികൂടുന്നത്. ഇഖ്ബാലിനെ കൂടാതെ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ ബന്ധു ഫയാസും പോലീസിന്റെ പിടിയിലായിട്ടുണ്ട്. പ്രതികൾ ഉപയോഗിച്ച ആയുധവും മൊബൈൽ ഫോണും ഇനിയും കണ്ടെത്താനുണ്ട്. കേസിൽ ഇതുവരെ ഒൻപത് പേരാണ് അറസ്റ്റിലായിരിക്കുന്നത്. 2019ലെ ഹേമാംബികാ നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലുണ്ടായ കൊലപാതക കേസിൽ പ്രതിയായിരുന്നു ഇഖ്ബാൽ.
കേസിൽ ശംഖുവാരത്തോട് മസ്ജിദ് ഇമാം കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സ്വദേശിയുമായ സദ്ദാം ഹുസ്സൈൻ ആണ് അറസ്റ്റിലായത്. പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും, മൊബൈൽ ഫോൺ ഒളിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കൊലയാളി സംഘത്തിലെ പ്രധാനിയായ അബ്ദുറഹ്മാനെയാണ് കൃത്യത്തിന് ശേഷം സദ്ദാം ഹുസ്സൈൻ മസ്ജിദിൽ ഒളിപ്പിച്ചത്. ഇതിന് പുറമേ കൃത്യത്തിന് ശേഷം അറസ്റ്റിലായവരിൽ ഒരാൾ നൽകിയ മൊബൈൽ ഫോണും സദ്ദാം ഹുസ്സൈൻ മസ്ജിദിൽ സൂക്ഷിച്ചിരുന്നു. പ്രതികളെ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ ഇവ കണ്ടെത്തിയിരുന്നു.
ഏപ്രിൽ 16-ാം തീയതി ഉച്ചയ്‌ക്കാണ് എസ്ഡിപിഐ പ്രവർത്തകരുടെ സംഘമെത്തി ശ്രീനിവാസനെ വെട്ടിക്കൊന്നത്. വാളുകളുമായി എത്തിയ സംഘം കടയ്‌ക്ക് അകത്ത് നിൽക്കുകയായിരുന്ന ശ്രീനിവാസനെ വെട്ടുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മരണത്തിലുള്ള രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സുബൈറിന്റെ പോസ്റ്റുമോർട്ടത്തിന് പിന്നാലെ ആശുപത്രിയിൽ നിന്നാണ് സംഘം എത്തി ശ്രീനിവാസനെ കൊലപ്പെടുത്തുന്നത്.
Comments