ഷാർജ : ഷാർജയിൽ അമിതവേഗതയെതുടർന്ന് റിപ്പോർട്ട് ചെയ്തത് ഏഴരലക്ഷത്തിലേറെ കേസുകൾ. 2021ലെ പുതിയ കണക്കുകൾ പ്രകാരമാണ് ഇത്രയും നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്. ഉയർന്ന വേഗത രേഖപ്പെടുത്തിയത് ഷാർജ -ഖോർഫക്കാൻ റോഡിലാണ്.
വേഗപരിധി ലംഘിച്ച 7,65,560 കേസുകൾ റഡാറിൽ രേഖപ്പെടുത്തിയതായി ഷാർജ പോലീസ് അറിയിച്ചു. 2021 ലെ പുതിയ കണക്കുകൾ പ്രകാരമാണ് ഇത്രയും നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്. പലരും മണിക്കൂറിൽ 180 കിലോമീറ്ററിലധികം വേഗതയിൽ യാത്രചെയ്തു. ഏറ്റവും ഉയർന്ന വേഗത രേഖപ്പെടുത്തിയത് ഷാർജ ഖോർഫക്കാൻ റോഡിലാണ്. ഇവിടെ ഒരു വാഹനം മണിക്കൂറിൽ 279 കിലോമീറ്റർ വേഗതയിൽ പോയതായി പോലീസ് പറഞ്ഞു.
ഇത്രയും വേഗത്തിൽ വാഹനമോടിച്ചാൽ ഡ്രൈവിങ് ലൈസൻസിൽ 23 ബ്ലാക്ക് പോയൻറുകൾ വീഴും. കൂടാതെ 3000 ദിർഹം പിഴയും 60 ദിവസത്തെ വാഹനം കണ്ടു കെട്ടലും നേരിടേണ്ടിവരും. 2021 ൽ ഷാർജയിൽ മൊത്തം 11,74,260 ട്രാഫിക് പിഴകൾ രേഖപ്പെടുത്തിയതായി ട്രാഫിക് വിഭാഗം അറിയിച്ചു. അമിതവേഗത, സീറ്റ്ബെൽറ്റ് ഉപയോഗിക്കാതിരിക്കൽ, മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയവ ഇവയിൽ ഉൾപ്പെടുന്നു. അമിത വേഗം കാരണമുള്ള അപകടങ്ങളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും ചില ഡ്രൈവർമാർ നിയമലംഘനം ആവർത്തിക്കുന്നതായും അധികൃതർ അറിയിച്ചു.
Comments