ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയിൽ നടന്ന സ്‌ഫോടനത്തിൽ ചൈനീസ് പൗരന്മാരുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കറാച്ചി യൂണിവേഴ്‌സിറ്റിയുടെ കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന് സമീപം കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന് അരികിലായിരുന്നു സ്‌ഫോടനം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്താൻ ലിബറേഷൻ ആർമി ഏറ്റെടുത്തു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ബുർഖയണിഞ്ഞെത്തിയ സ്ത്രീയുടെ പെരുമാറ്റം സംശയാസ്പദമായ രീതിയിൽ കാണുകയും ചാവേർ സ്‌ഫോടനമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്. സ്‌ഫോടനമുണ്ടായ സ്ഥലത്ത് ഒരു വാൻ കത്തിയമർന്ന നിലയിലുണ്ടായിരുന്നു. ബുർഖ ധരിച്ച സ്ത്രീ വാനിലേക്ക് നടക്കുന്നതും ഇതിന് പിന്നാലെ സ്‌ഫോടനം സംഭവിക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇതിന് പിന്നാലെയായിരുന്നു ബലൂചിസ്താൻ ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയത്. ചാവേറായി എത്തിയ സ്ത്രീ ബലൂചിസ്താൻ ലിബറേഷൻ ആർമിയുടെ ആദ്യ വനിതാ ചാവേറാണ്. ശാരി ബലൂച് എന്നാണ് സ്ത്രീയുടെ പേര്.
ചൈനീസ് ഭാഷ പഠിപ്പിക്കുന്ന സെന്ററാണ് സ്‌ഫോടനം നടന്ന കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ട്. ഇവിടുത്തെ ഡയറക്ടർമാരായ ഹുവാങ് ഗ്യുപിങ്, ഡിങ് മുപെങ്, ചെൻ സായ് എന്നിവരും അവരുടെ ഡ്രൈവർ ഖാലിദുമാണ് കൊല്ലപ്പെട്ടത്. ഡ്രൈവർ പാകിസ്താൻ സ്വദേശിയാണ്. പരിക്കേറ്റവരിലും ചൈനീസ് സ്വദേശികളുണ്ട്. പൊട്ടിത്തെറിച്ച വാനിൽ ഏകദേശം 12ഓളം ആളുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.
ഉച്ചയ്‌ക്ക് 2.30ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടായതെന്ന് സിന്ധ് പ്രവിശ്യ പോലീസ് അറിയിച്ചു. ചൈനീസ് പൗരന്മാരെ മനഃപൂർവം ലക്ഷ്യമിട്ട് നടത്തിയ ചാവേർ സ്‌ഫോടനമായാണ് ആക്രമണത്തെ വിലയിരുത്തുന്നത്. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ദേശീയ അസംബ്ലി സ്പീക്കർ രാജ പെർവെസ് അഷറഫും ആക്രമണത്തെ അപലപിച്ചു.
Comments