ഭഗീഷ് പൂരാടന്റെ പതിനാലാമത്തെ ഓണറേറിയം മംഗല്യ നിധിയും വിഷുകൈനീട്ടവുമായാണ് ഇപ്രാവശ്യം നൽകിയത്. തളിക്കുളം രവി നഗർ പുളിപറമ്പിൽ ഉദയന്റെ മകൾക്കുള്ള സ്വർണ്ണ കമ്മലും അമ്മക്കുള്ള വിഷുകൈനീട്ടവുമാണ് ഭഗീഷ് പുരാടൻ കൈമാറിയത്. ഓണറേറിയം കഴിച്ചുള്ള ബാക്കി തുക നാട്ടിക ഫർക്ക ലിമിറ്റഡാണ് നൽകിയത്. ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്തംഗം ബിന്നി അറക്കൽ, പ്രജീഷ് പടിയത്ത്, റിനീഷ് പട്ടാലി എന്നിവർ സന്നിഹിതരായിരുന്നു. ഇതുവരെയുള്ള ഓണറേറിയം നിർധനരായ രോഗികൾക്കാണ് നൽകിയത്.
തൃശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പട്ടലങ്ങാടി ഡിവിഷനിലെ ജനപ്രതിനിധിയാണ് ഭഗീഷ്. മുമ്പത്തെ ഓണറേറിയങ്ങൾ എല്ലാം നൽകിയത് സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ പെട്ടവർക്കും, സന്നദ്ധ സംഘടനകൾ, ജീവകാരുണ്യ പ്രവർത്തനം നടത്തുന്നവർ എന്നിവർക്കായിരുന്നു. ഓണറേറിയം മാത്രമല്ല ബ്ലോക്ക് പഞ്ചായത്തംഗം എന്ന നിലയിൽ കിട്ടുന്ന സിറ്റിങ് ഫീസ് ഉൾപ്പെടെ മുഴുവൻ തുകയും പൊതുജന സേവനത്തിനാണ് ചെലവഴിക്കുന്നത്. ബിജെപി നാട്ടിക നിയോജക മണ്ഡലം വൈസ്പ്രസിഡന്റ് കൂടിയാണ് ഭഗീഷ് പൂരാടൻ.
Comments