ലക്‌നൗ: ആഗ്രയ്‌ക്ക് സമീപം മെയിൻപൂരിയിൽ നാടിനെ നടുക്കി ദുരഭിമാനക്കൊല. ബ്രാഹ്മിണ യുവാവിനെ വിവാഹം കഴിച്ചതിൽ എതിർത്ത ദളിത് യുവാവ് സ്വന്തം സഹോദരിയെ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. യുവാവിന്റെ ആക്രമണത്തിൽ സഹോദരിയുടെ ഭർത്താവിനും അവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്.
ഏപ്രിൽ 26നായിരുന്നു സംഭവം. ദമ്പതികൾ വിവാഹിതരായി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് കൊലപാതകം നടന്നത്. യുവതിയുടെ സഹോദരനും അമ്മാവനും വീട്ടിലേക്ക് കയറിവരികയും 22കാരിയായ കോമൾ ഖാട്ടിക്കിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. കോമളിന്റെ ഭർത്താവിനും അമ്മയ്‌ക്കും ഭർതൃസഹോദരനും വെടിയേറ്റിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ സഹോദരനും അമ്മാവനും ഓടിരക്ഷപ്പെട്ടു. നാട്ടുകാർ ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി മരിച്ചതായി സ്ഥിരീകരിച്ചു. മെയിൻപുരി ജില്ലയിലെ മൊഹല്ല ഭാരത്‌വാൾ പ്രദേശത്താണ് സംഭവമുണ്ടായത്.
സഹോദരി കോമൾ മറ്റൊരു ജാതിയിൽപ്പെട്ട കരൺ ഗോസ്വാമിയുമായി പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ കോമളിന്റെ സഹോദരൻ വിവാഹത്തിൽ എതിർത്തു. എന്നാൽ സഹോദരന്റെ എതിർപ്പിനെ വകവെക്കാതെ യുവതി വിവാഹം കഴിക്കുകയായിരുന്നു. ഇതോടെ ജാതി മാറി കല്യാണം കഴിച്ചതിലുള്ള നീരസം കൊലപാതകത്തിൽ കലാശിച്ചു.
സംഭവത്തിൽ യുവതിയുടെ സഹോദരനും അമ്മാവനുമുൾപ്പെടെ നാല് പ്രതികളാണ് ഉള്ളതെന്നും കേസന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പോലീസ് നൽകുന്ന വിവരം.
















Comments