തിരുവനന്തപുരം : കൊറോണ പ്രതിദിന കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്‌ക് നിർബന്ധം. മാസ്‌ക് ധരിക്കാത്തവർക്കെതിരേ പിഴ ഈടാക്കും. നിരത്തുകളിൽ പോലീസ് പരിശോധനയും കൂടുതൽ കർശനമാക്കാനാണ് നിലവിലെ തീരുമാനം.
ഒരു മാസം മുൻപ് സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മാസ്‌ക് ധരിക്കാത്തതിന് പിഴ ഈടാക്കുന്ന നടപടി പിൻവലിച്ചിരുന്നു. കേന്ദ്ര സർക്കാരും പിഴ ഈടാക്കരുതെന്ന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കൊറോണ രോഗികളുടെ എണ്ണം വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കി ദുരന്ത നിവാരണ നിയമപ്രകാരം ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
ഇന്ന് മുതൽ പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും യാത്ര ചെയ്യുമ്പോഴും മാസ്‌ക് നിർബന്ധമാണ്. പോലീസിന്റെ പരിശോധനയും ഇന്ന് മുതൽ കർശനമാക്കും.എത്ര രൂപയാണ് പിഴ ഈടാക്കുന്നത് എന്നത് ഉത്തരവിൽ വ്യക്തമല്ല. നേരത്തെ കേരളത്തിൽ മാസ്‌ക് ധരിക്കാത്തതിന് പിഴയായി ഈടാക്കിയിരുന്നത് 500 രൂപയാണ്. ഡൽഹിയിലും തമിഴ് നാട്ടിലും നിലവിൽ ഈടാക്കുന്നത് 500 രൂപയാണ്.
മറ്റ് സംസ്ഥാനങ്ങൾ കൊറോണവ്യാപനമുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിക്കുമ്പോഴും കേരളം അത്തരം നടപടികൾസ്വീകരിക്കാത്തതിനെതിരേ വ്യാപക വിമർശനമുയർന്നിരുന്നു. അതോടൊപ്പം മാസ്‌ക് നിർബന്ധമാക്കണമെന്ന ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്ത് ആരോഗ്യ വകുപ്പും സർക്കാരിന് ശുപാർശ നൽകിയിരുന്നു.
Comments