ബ്രസൽസ് : കൊറോണയുടെ മൂന്നാം തരംഗത്തിനെതിരെ ലോകം ശക്തമായി പോരാടുന്ന പശ്ചാത്തലത്തിൽ കൊറോണ ബാധിതരുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയനിലെ 60-80 ശതമാനം ആളുകൾക്ക് കൊറോണ ബാധിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നാലാം തരംഗത്തിനുള്ള സാദ്ധ്യത കണക്കിലെടുത്ത് കൗമാരക്കാർക്കും കുട്ടികൾക്കുമുളള കുത്തിവെപ്പ് വേഗത്തിലാക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഹെൽത്ത് കമ്മീഷണർ സ്റ്റെല്ല കൈരിയാകൈഡ്‌സ് പറഞ്ഞു.
60-80 ശതമാനം വരെയുള്ള ആളുകൾക്ക് ഇതിനോടകം കൊറോണ ബാധിച്ചുകഴിഞ്ഞു. യൂറോപ്യൻ ജനസംഖ്യയുടെ 30 ശതമാനത്തോളം കൊറോണ കേസുകൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 350 മില്യൺ ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. അതിനാൽ കൊറോണ പ്രതിരോധം ശക്തമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അവർ വ്യക്തമാക്കി.
കൊറോണ പ്രതിരോധ കുത്തിവെപ്പിലൂടെ നിരവധി ആളുകളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു. ലോക്ഡൗൺ, യാത്രാ നിയന്ത്രണങ്ങൾ എന്നിവ ഏർപ്പെടുത്തിക്കൊണ്ട് ഇതുവരെ കൊറോണയ്‌ക്കെതിരെ പോരാടാനും കഴിഞ്ഞു. ഇത് ഇനിയും തുടരണമെന്നും വരാനിരിക്കുന്ന മഹാമാരികൾക്കെതിരെ പോരാടണമെന്നും ആരോഗ്യ കമ്മീഷണർ അറിയിച്ചു.
















Comments