പത്തനംതിട്ട: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിൽ യൂത്ത് ലീഗിന് പ്രശംസ. ഡിവൈഎഫ്‌ഐയുടെ പ്രവർത്തന റിപ്പോർട്ടിലാണ് യൂത്ത് ലീഗിനെ പ്രശംസിച്ചത്. മലപ്പുറത്തും മലബാറിന്റെ ചില മേഖലകളിലും യൂത്ത്‌ലീഗ് സജീവമാണെന്നും സ്വാധീനമുള്ള സ്ഥലങ്ങളിൽ രാഷ്‌ട്രീയ പ്രവർത്തനവും സന്നദ്ധ പ്രവർത്തനവും നടത്തുന്ന സംഘടനയാണെന്നും പ്രവർത്തന റിപ്പോർട്ടിൽ ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
സിപിഐയുടെ യുവജന പ്രസ്ഥാനമായ എഐവൈഎഫിനെ റിപ്പോർട്ടിൽ വിമർശിച്ചു. പൊതുവേ ഇടതുപക്ഷ നിലപാട് സ്വീകരിക്കുന്ന സംഘടനയാണെങ്കിലും സജീവ സംഘടനാ സംവിധാനമില്ല. സംസ്ഥനത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് സംഘടനാ സംവിധാനമുള്ളതെന്നും ഡിവൈഎഫ്‌ഐ വിമർശിച്ചു. ചെറുപ്പക്കാരെ വർഗീയതയിലേക്ക് ആകർഷിക്കാൻ യുവമോർച്ച വ്യാപക പ്രചാരണം നടത്തുന്നുവെന്നും പ്രവർത്തന റിപ്പോർട്ട് പറയുന്നു.
അതേസമയം, യൂത്ത് ലീഗിനെ പ്രശംസിച്ച ഡിവൈഎഫ്‌ഐ യൂത്ത് കോൺഗ്രസിനെ പരിഹസിച്ചു. കോൺഗ്രസുകാരായ ചെറുപ്പക്കാരുടെ ആൾക്കൂട്ടം മാത്രമായി യൂത്ത് കോൺഗ്രസ് മാറി. ഓരോരുത്തരും അവരുടെ ചിത്രമുള്ള ബോർഡുകൾ സ്ഥാപിക്കുക മാത്രമാണ് ഇപ്പോൾ അവരുടെ രാഷ്‌ട്രീയ പ്രവർത്തനമെന്നും ഡിവൈഎഫ്‌ഐ വിമർശിച്ചു.
ഡിവൈഎഫ്‌ഐയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം ഇന്നലെയാണ് പത്തനംതിട്ടയിൽ ആരംഭിച്ചത്. സംസ്ഥാന-കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 609 പേരാണ് മൂന്ന് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 30 ന് നടക്കുന്ന സമാപന സമ്മേളനവും യുവജന റാലിയും സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും
















Comments