ഭോപ്പാൽ: തന്റെ അവസാനകാല ജീവിതം അസം സംസ്ഥാനത്തിനായി സമർപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രമുഖ വ്യവസായി രത്തൻ ടാറ്റ. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം വേദി പങ്കിടവെയാണ് രത്തൻ ടാറ്റ ഇക്കാര്യം വെളിപ്പെടുത്തിയത്. അസമിൽ ഏഴ് അത്യാധുനിക ക്യാൻസർ ആശുപത്രികളുടെ ഉദ്ഘാടനവും ഏഴ് ആശുപത്രികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രിയ്‌ക്കൊപ്പം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ന് അസമിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. ക്യാൻസറിന് മികച്ച രീതിയിലുള്ള ആരോഗ്യ സേവനങ്ങൾ നേരത്തെ സംസ്ഥാനത്ത് ലഭ്യമായിരുന്നില്ല. പണക്കാരുടെ രോഗമല്ല ക്യാൻസർ. ഇന്ത്യയിലെ ചെറിയ സംസ്ഥാനമാണെങ്കിലും ലോകനിലവാരമുള്ള ക്യാൻസർ ചികിത്സാ സൗകര്യം ഇവിടേയും ലഭ്യമാണെന്ന് ഇനി അസമിന് പറയാനാകും. തന്റെ അവസാന കാല ജീവിതം അസമിനായി സമർപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും’ രത്തൻ ടാറ്റാ പറഞ്ഞു.
അസം സർക്കാർ, ടാറ്റാ ട്രസ്റ്റ് എന്നിവയുടെ സംയുക്ത സംരംഭമായ അസം ക്യാൻസർ കെയർ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം 17 ക്യാൻസർ കെയർ ആശുപത്രികൾ നിർമ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അദ്യഘട്ട ഉദ്ഘാടനമാണ് നടന്നത്. ആദ്യഘട്ടത്തിലെ പത്ത് ആശുപത്രികളിൽ ഏഴെണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി. മൂന്നെണ്ണത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
നേരത്തെ ഏഴ് വർഷം കൊണ്ട് ഒരു ആശുപത്രി തുറക്കുകയായിരുന്നു പതിവ്. എന്നാലിന്ന് ഒരു വർഷം കൊണ്ട് ഏഴ് ആശുപത്രികളുടെ നിർമ്മാണമാണ് പൂർത്തിയായിരിക്കുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കാലം എല്ലാത്തിനേയും മാറ്റിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി അസമിൽ പറഞ്ഞിരുന്നു.
















Comments