പത്തനംതിട്ട: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിലുള്ള ചർച്ചയിൽ തനിക്കെതിരെ വിമർശനമുണ്ടായെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. തന്റെ അറിവിൽ ഡിവൈഎഫ്‌ഐ സമ്മേളനത്തിൽ ഒരാൾ പോലും വിമർശനം ഉന്നയിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ അത് വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു.
സമര പരിപാടികളിൽ ഡിവൈഎഫ്ഐ നേതൃത്വം നല്ല രീതിയിൽ ഇടപെട്ടു എന്നാണ് അഭിപ്രായം ഉയർന്നത്. ചർച്ച പോയിട്ട് ഒരു സമ്മേളനം പോലും നടത്താൻ കഴിവില്ലാത്ത ചില പാർട്ടികൾക്ക് ഡിവൈഎഫ്ഐ സമ്മേളനം സമയബന്ധിതമായി നടത്തുന്നത് ഇഷ്ടപ്പെട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സംഘടനയുടെ സംസ്ഥാന സമ്മേളനത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വിമർശനമുയർന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.ഡിവൈഎഫ്‌ഐയെ ഇപ്പോഴും നിയന്ത്രിക്കുന്നത് റഹീം, റിയാസ്, എസ് സതീഷ് കോക്കസ് ആണെന്ന് പൊതു ചർച്ചയിൽ പ്രതിനിധി നേതാക്കൾ വിമർശനമുന്നയിച്ചു എന്നായിരുന്നു റിപ്പോർട്ട്.
മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിൽ സംഘടനയുടെ കേന്ദ്ര നേതൃത്വം നിഷ്‌ക്രിയമാണെന്ന് ചൂണ്ടിക്കാട്ടലുകളുണ്ടായി.ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം നാളെ സമാപിക്കും.
Comments