കോഴിക്കോട്: ജില്ലയിൽ ആളുകളെ ഭയപ്പെടുത്തി മാല പിടിച്ചുപറിക്കുന്ന രണ്ടംഗ സംഘം പിടിയിൽ. ബേപ്പൂർ നടുവട്ടം സ്വദേശിയായ സൽമാൻ ഫാരിസ് വട്ടക്കിണർ സ്വദേശിയായ മാൻ എന്നറിയപ്പെടുന്ന മൻഹ മുഹമ്മദ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം സിനിമ ആവർത്തിച്ച് കണ്ടിട്ടാണ് ഇരുവരും പോലീസിന്റെ ചോദ്യം ചെയ്യൽ എങ്ങനെ മറികടക്കാം എന്ന് ആസൂത്രണം ചെയ്തത്. പിടിച്ചുപറി നടത്തിയ ചൊവ്വാഴ്ച പ്രതി വീട്ടിലുണ്ടെന്ന് വരുത്തിത്തീർക്കാൻ ഞായറാഴ്ച രാത്രി സിനിമ കാണാൻ പോയത് തിങ്കളാഴ്ച രാത്രിയാണെന്നും അതിന്റെ ക്ഷീണം കൊണ്ട് ചൊവ്വാഴ്ച വീട്ടിൽ കിടന്നുറങ്ങുകയായിരുന്നുവെന്നുമാണ് സ്ഥാപിക്കാൻ ശ്രമിച്ചത്. അതിനായി അയൽവാസികളോടും കൂട്ടുകാരോടും തിങ്കളാഴ്ച രാത്രി സിനിമകണ്ടെന്ന് പറഞ്ഞ് സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു രീതി.
ടൗണിൽ മാല പൊട്ടിക്കാൻ കറങ്ങുന്നതിനിടെ ഫോൺ വന്നവരോടൊക്കെ വീട്ടിലാണെന്നാണ് പറഞ്ഞത്. തലേന്ന് കണ്ട സിനിമയുടെ ക്ഷീണമായതുകൊണ്ട് വീട്ടിൽ നിന്നും പുറത്തിറങ്ങിയില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. പോലീസിന്റെ ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റസമ്മതം നടത്തുകയായിരുന്നു. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പറിൽ കൃത്രിമം കാണിച്ചതും സൈഡ് വ്യൂ മിറർ അഴിച്ചുമാറ്റിയതും പിന്നെ പ്രചരിപ്പിച്ച കഥയുമായിരുന്നു പ്രതികൾക്കുണ്ടായിരുന്ന ആത്മവിശ്വാസമെന്ന് പോലീസ് വ്യക്തമാക്കി.
നാൽപതിലധികം സിസിടിവി ദൃശ്യങ്ങളുൾപ്പെടെ അയ്യായിരം മെഗാബൈറ്റിലധികം ഡിജിറ്റൽ ഡാറ്റയാണ് അന്വേഷണത്തിന്റെ ഭാഗമായി സിറ്റി ക്രൈം സ്‌ക്വാഡ് പരിശോധിച്ചത്.അന്വേഷണത്തിന്റെ ഭാഗമായി ഞായറാഴ്ച ഇവരുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് തിരക്കിയപ്പോളാണ് പ്രതികളുടെ മുൻകൂട്ടിയുള്ള ആസൂത്രണം മനസിലായത്. മോഷണത്തിലൂടെ ലഭിക്കുന്ന പണം കൊണ്ട് മയക്കുമരുന്ന് വ്യാപാരം നടത്തി വേഗത്തിൽ സമ്പന്നരാവുകയായിരുന്നു ഇരുവരുടേയും ലക്ഷ്യം.
















Comments