ന്യൂഡൽഹി: 2022ലെ ആദ്യ വിദേശ സന്ദർശനത്തിനുള്ള തയ്യാറെടുപ്പുകളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. മെയ് രണ്ട് മുതൽ ആരംഭിക്കുന്ന അദ്ദേഹത്തിന്റെ ത്രിദിന വിദേശ സന്ദർശനത്തിന് അത്യധികം തിരക്കേറിയ ഷെഡ്യൂളുകളാണ് തയ്യാറാക്കിയിരിക്കുന്നത്. റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് സന്ദർശനം നടക്കുന്നതെന്ന പ്രത്യേകതയുണ്ട്.
ജർമ്മനി, ഡെൻമാർക്ക്, ഫ്രാൻസ് എന്നിവിടങ്ങളിലേക്ക് 65 മണിക്കൂർ നീണ്ടുനിൽക്കുന്ന 25 ദൗത്യങ്ങൾ നടത്തുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. 50 ആഗോള വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തുന്ന പ്രധാനമന്ത്രി ഏഴ് രാജ്യങ്ങളിൽ നിന്നുള്ള എട്ട് ലോക നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. മൂന്ന് രാജ്യങ്ങളിലെയും ആയിരക്കണക്കിന് പേർ വരുന്ന ഇന്ത്യൻ സമൂഹത്തിനോട് അദ്ദേഹം സംവദിക്കും.
ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി കോപ്പൻഹേഗനിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. ഡെന്മാർക്ക് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. ഉച്ചകോടിയിൽ മറ്റ് നോർഡിക് നേതാക്കളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ഐസ്ലാൻഡ് പ്രധാനമന്ത്രി കാട്രിൻ ജേക്കബ്‌സ്ഡോട്ടിർ, നോർവേ പ്രധാനമന്ത്രി ജോനാസ് ഗർ സ്റ്റോർ, സ്വീഡൻ പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സൺ, ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മാരിൻ എന്നിവർ ഉച്ചകോടിയുടെ ഭാഗമാകും.
വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പാരീസിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തും. ജർമ്മനിയിലും ഡെൻമാർക്കിലും ഓരോ രാത്രി വീതം പങ്കിടുന്ന പ്രധാനമന്ത്രി രണ്ട് രാത്രിയും വിമാനയാത്രക്കിടെ ചെലവഴിക്കും.
















Comments