മലപ്പുറം: സന്തോഷ് ട്രോഫി മൂന്ന് വർഷത്തിന് ശേഷം വീണ്ടും കയ്യിലേന്താൻ കേരളം ഇന്ന് ഇറങ്ങുന്നു. ഫൈനലിൽ പശ്ചിമ ബംഗളാണ് എതിരാളികൾ. 75-ാമത് സന്തോഷ് ട്രോഫി ഫൈനലിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയം വേദിയാകുന്നത്. രാത്രി 8 നാണ് മത്സരം.
46-ാം ഫൈനലിൽ കളിക്കാനിറങ്ങുന്നവരാണ് ബംഗാൾ. ഇതിൽ 32 തവണയും കപ്പടിച്ചവരാണ് വംഗനാട്ടുകാർ. ഏഴാം കിരീടം സ്വന്തമാക്കാനാണ് കേരളം ഇറങ്ങുന്നത്. ഇരുടീമുകളും ഇതുവരെ 3 തവണ ഫൈനലിൽ ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്ന് തവണയും കളി ട്രൈബ്രേക്കറിലേക്ക് നീങ്ങി.
ഗ്രൂപ്പ് ഘട്ടത്തിൽ ഇത്തവണ ബംഗാളിനെ പരാജയപ്പെടുത്തിയ കേരളം ആത്മവിശ്വാസ ത്തിലാണ്. ഒപ്പം സെമിഫൈനലിൽ കർണ്ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്ത കരുത്തിലാണ് കേരളം ഇറങ്ങുന്നത്. ഒരു തോൽവി പോലും വഴങ്ങാതെയാണ് കേരളം ഫൈനലിലെത്തിയത്.
ക്യാപ്റ്റൻ മോണോട്ടോഷിന്റെ ശക്തമായ പ്രതിരോധമാണ് ബംഗാളിന്റെ കരുത്ത്. ആക്രമണമാണ് കേരളത്തിന്റെ കരുത്ത്. 2018ൽ ബംഗാളിനെ തകർത്ത് കേരളം കിരീടം ചൂടിയത് ഇന്ന് ആവേശമാകുന്നു.
അഞ്ചു ഗോളുകൾ ഇതുവരെ നേടിയ നായകൻ ജിജോയും സെമിയിലെ അഞ്ചു ഗോളടക്കം ആറ് ഗോളുകൾ നേടിയ ജസിനും കേരളത്തിന്റെ പ്രതീക്ഷയാണ്. മധ്യനിരയിലെ മഹിതോഷ് റോയ്, ഫർദ്ദീൻ അലി മൊല്ല എന്നിവരാണ് ബംഗാളിന്റെ കരുത്ത്.
















Comments