ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനും ഡിജിപി വിരേഷ് ഭാവ്ര്ക്കും ഖാലിസ്ഥാൻ ഭീകരരുടെ ഭീഷണി സന്ദേശം. കാളി ക്ഷേത്രത്തിന് സമീപം അക്രമം നടത്തിയ ഖാലിസ്ഥാനികൾക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് നിരോധിത ഖാലിസ്ഥാനി ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് അയച്ച ഭീഷണി വീഡിയോയിൽ വ്യക്തമാക്കുന്നു. നടപടിയെടുക്കുന്ന പക്ഷം പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് വീഡിയോയിൽ പറയുന്നു. എസ്എഫ്‌ജെയുടെ തലവനായ ഗുർപത്വന്ത് സിംഗ് പന്നുവാണ് വീഡിയോയിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്.
ഏപ്രിൽ 29 ന് ഖാലിസ്ഥാൻ ദിനത്തിൽ ഖാലിസ്ഥാനികൾ ആഘോഷപരിപാടികൾ നടത്തി. ഇതിനെതിരെ പ്രതികരിച്ച ഹിന്ദുക്കൾക്ക് ഉചിതമായ മറുപടി നൽകി.എന്നാൽ ഖാലിസ്ഥാനികൾക്കെതിരെ മുഖ്യമന്ത്രിയും പോലീസും നടപടി സ്വീകരിക്കുകയാണെന്ന് ഞങ്ങൾ മനസിലാക്കി. 1990 കളിൽ അന്തരിച്ച ബിയാന്ത് സിംഗിന് സംഭവിച്ചത് ഓർമ്മയുണ്ടോ എന്നും നടപടി തുടർന്നാൽ അനന്തരഫലം വളരെ വലുതായിരിക്കുമെന്നും വീഡിയോയിൽ പറയുന്നു.
വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന നിങ്ങളുടെ കുട്ടികളുടെയും പട്ടിക ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പഞ്ചാബിൽ ഞങ്ങളുടെ കുട്ടികളെ നിങ്ങൾ ഉപദ്രവിക്കാത്ത കാലം വരെ മാത്രമേ അവർക്ക് അവിടെ പഠിക്കാൻ കഴിയൂ. നിങ്ങൾ ഞങ്ങളുടെ കുട്ടികളെ ഉപദ്രവിച്ചാൽ നിങ്ങളുടെ കുട്ടികളെ നിയമപരമായി പഞ്ചാബിലേക്ക് തിരിച്ചയക്കും. മുഖ്യമന്ത്രി ഭഗവന്ത് മന്നിനും ഡിജിപി വീരേഷ് ഭാവ്രയ്‌ക്കും നൽകുന്ന സന്ദേശമാണിതെന്ന് വിഡിയോയിൽ വ്യക്തമാക്കുന്നു.
ശിവസേനയുടെ നേതൃത്വത്തിൽ ഖാലിസ്ഥാൻ അനകൂല സംഘടനകൾക്കെതിരെ നടത്തിയ മാർച്ചിൽ ഖാലിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. മാർച്ച് കാളിക്ഷേത്രത്തിന് സമീപമെത്തിയപ്പോൾ ഖാലിസ്ഥാനികൾ മാർച്ചിന് നേരെ വാളും കല്ലുകളും എറിയുകയായിരുന്നു.പോലീസ് ആകാശത്തേയ്‌ക്ക് വെടി വെച്ചും കണ്ണീർ വാതകം പ്രയോഗിച്ചുമാണ് ഇരുവിഭാഗങ്ങളേയും പ്രദേശത്ത് നിന്നും മാറ്റിയത്.
Comments