ജയ്പൂർ : ഈദ്, അക്ഷയത്രിത്രീയ ആഘോഷങ്ങൾ നടക്കാനിരിക്കെ രാജസ്ഥാനിലെ ജോധപൂരിൽ വീണ്ടും സംഘർഷം. കാവിക്കൊടി എടുത്തുമാറ്റി ഇസ്ലാമിക പതാക സ്ഥാപിച്ചതിനെ തുടർന്നാണ് കല്ലേറ് ആരംഭിച്ചത്. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു.
ജോധ്പൂരിലെ ജലോരി ഗേറ്റ് സ്‌ക്വയറിൽ സ്ഥാപിച്ചിരിക്കുന്ന സ്വാത്ര്യസമര സേനാനി ബാൽമുകുന്ദ് ബിസ്സയുടെ പ്രതിമയിൽ കാവിക്കൊടിയാണ് സ്ഥാപിച്ചിരുന്നത്. ഇത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ വൈകീട്ടോടെ മുസ്ലീം യുവാക്കൾ എത്തി, കാവിക്കൊടി എടുത്ത് മാറ്റിയ ശേഷം ഇസ്ലാം പതാക സ്ഥാപിക്കുകയായിരുന്നു.
ഇസ്ലാമിക പതാക നീക്കം ചെയ്യാൻ ബിസ്സയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ആവശ്യപ്പെട്ടെങ്കിലും മുസ്ലീം യുവാക്കൾ ഇത് ചെവികൊണ്ടില്ല. ഇതോടെയാണ് രണ്ട് സമുദായക്കാരും തമ്മിൽ കല്ലേറും സംഘർഷവുമുണ്ടായത്. പോലീസ് എത്തിയാണ് പ്രശ്‌നങ്ങൾ പരിഹരിച്ചത്. പ്രദേശത്ത് സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനാൽ വൻ സുരക്ഷ ഒരുക്കിയിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നീ സമൂഹമാദ്ധ്യമങ്ങളും സസ്‌പെന്റ് ചെയ്തു. മേഖലയിൽ ക്രമസമാധാനം ഉറപ്പുവരുത്താൻ പ്രാദേശിക അധികാരികൾക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് അറിയിച്ചു.
















Comments