ഉമ തോമസ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും;സ്ഥാനാർത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് വിഡി സതീശൻ

Published by
Janam Web Desk

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അന്തരിച്ച എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസ് മത്സരിച്ചേക്കുമെന്ന് സൂചന. തൃക്കാക്കരയിലെ സ്ഥാനാർത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

തൃക്കാക്കരയിൽ ഒറ്റപ്പേരിൽ ധാരണയായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കി. കെപിസിസി തീരുമാനിച്ച പേര് ഹൈക്കമാൻഡിനെ അറിയിച്ചു. ഇന്ന് വൈകീട്ട് 6 മണിക്കുള്ളിൽ സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിച്ചേക്കും.

കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീനർ എം.എം.ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്ത യോഗത്തിൽ ഉമ തോമസിന്റെ പേര് മാത്രമാണ് പരിഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാർത്ഥി നിർണയം അതിവേഗം പൂർത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു.

യോഗത്തിന് മുൻപേ തന്നെ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി വിഡി സതീശൻ ആശയവിനിമയം നടത്തിയിരുന്നു. പിടി തോമസിന്റെ സിറ്റിംഗ് സീറ്റിൽ ഉമാ തോമസ് തന്നെ മത്സരിക്കണം എന്നാണ് കോൺഗ്രസിലെ ഭൂരിഭാഗം പേരുടേയും അഭിപ്രായം.

 

Share
Leave a Comment