മുംബൈ: മഹാരാഷ്‌ട്ര നവനിർമ്മാണ സേനാ നേതാവ് രാജ് താക്കറയ്‌ക്കെതിരെ പോലീസ് കേസെടുത്തു.ഔറംഗാബാദ് പ്രസംഗത്തിലാണ് എംഎൻഎസ് നേതാവിനെതിരെ പോലീസ് കേസെടുത്തത്. മെയ് നാലിനകം മസ്ജിദുകളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ രാജ് താക്കറെ അന്ത്യശാസനം നൽകിയിരുന്നു.
ഈ ആവശ്യം ഉയർത്തിക്കാട്ടി ഔറംഗാബദിൽ എംഎൻഎസ് റാലിയും സംഘടിപ്പിച്ചിരുന്നു. ഈ റാലിയിലും രാജ് താക്കറെ തന്റെ നിർദ്ദേശം ആവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.ക്രമസമാധാന നില തകർക്കുന്ന രീതിയിൽ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് കേസ്.
ഇന്ന് രാവിലെ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി. മെയ് നാലിനകം മസ്ജിദുകളിലെ ഉച്ചഭാഷിണികൾ അഴിച്ചുമാറ്റിയില്ലെങ്കിൽ എംഎൻഎസ് പാർട്ടി പ്രവർത്തകർ മസ്ജിദുകൾക്ക് മുന്നിൽ നിന്ന് ഹനുമാൻ ചാലിസ വായിക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.
എല്ലാ ഹിന്ദു സഹോദരങ്ങൾക്കും സഹോദരിമാർക്കും അമ്മമാർക്കും നമസ്‌കാരം’ എന്ന് പറഞ്ഞുകൊണ്ടാണ് രാജ് താക്കറെ തന്റെ പ്രസംഗം ആരംഭിച്ചത്. ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉച്ചഭാഷിണികൾ പള്ളികളിൽ നിന്നും വലിച്ച് താഴെയിട്ടില്ലെങ്കിൽ മെയ് നാല് മുതൽ വിവരമറിയുമെന്ന് അദ്ദേഹം പറഞ്ഞു. ഏറെ ആശങ്കയോടെ കാത്തിരുന്ന ഔറംഗബാദ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
















Comments