മുംബൈ : എംഎൻഎസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം ഇന്ന് കൊണ്ട് അവസാനിക്കില്ലെന്ന മുന്നറിയിപ്പ് നൽകി രാജ് താക്കറെ. മസ്ജിദിൽ നിന്ന് ഉച്ചഭാഷിണികൾ മുഴുവനായി നീക്കുന്നത് വരെ ഈ പ്രവൃത്തി തുടരുമെന്നും സർക്കാരിനെതിരെ പോരാടുമെന്നും അദ്ദേഹം അറിയിച്ചു. സർക്കാർ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ എന്ത് നടപടിയാണ് സുപ്രീം കോടതി സ്വീകരിക്കുക എന്ന് തനിക്കറിയണം എന്നും രാജ് താക്കറെ വ്യക്തമാക്കി.
എംഎൻഎസ് പ്രവർത്തകർ ആരംഭിച്ച പ്രക്ഷോഭം ഇനിയും തുടരും. എപ്പോഴെല്ലാം മസ്ജിദിൽ നിന്ന് അസാൻ വായിക്കുന്നുവോ അപ്പോഴൊക്കം ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ ചൊല്ലും. മസ്ജിദുകളിലെ ഉച്ചഭാഷിണികളുടെ കാര്യം മാത്രമല്ല താൻ ഉദ്ദേശിച്ചത് എന്നും എല്ലാ ആരാധനാലയങ്ങളിലെയും ലൗഡ്‌സ്പീക്കറുകൾ നീക്കം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിലും അനധികൃതമായി ഇത് ഉപയോഗിച്ചുവരുന്നുണ്ട്. ഉച്ചഭാഷിണി എന്നത് മതപരമായ പ്രശ്‌നമല്ല മറിച്ച് സാമൂഹ്യപ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നാസിക്കിൽ ഹനുമാൻ ചാലിസ ചൊല്ലാൻ ശ്രമിച്ച ആറ് എംഎൻഎസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ മൂന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും, അഞ്ച് വനിതാ പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
















Comments