ഭുവനേശ്വർ: ഒഡീഷയിലെ താമാണ്ടോ എന്ന സ്ഥലത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് 97 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേർ പിടിയിൽ. കോളേജിലെ വനിത അക്കൗണ്ടന്റായ പായൽ മഹോത്ര, കാമുകൻ ബികാസ് കുമാർ എന്നിവരാണ് പിടിയിലായത്.
പായലാണ് കോളേജിൽ തട്ടിപ്പ് നടത്തിയത്. കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ കൂടിയായ ഇരുവരും ഓൺലൈൻ ചൂതാട്ടത്തിനായാണ് ഇത്രയധികം പണത്തിന്റെ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് വിവരം പുറത്തറിഞ്ഞതോടെ ഇരുവരും സംസ്ഥാനം വിടുകയായിരുന്നു.ഒളിവിൽ കഴിയുകയായിരുന്ന ബികാസിനെ ജാർഖണ്ഡിൽ നിന്നാണ് പിടികൂടിയത്.
മുഖ്യപ്രതിയായ പായൽ കഴിഞ്ഞ ഏപ്രിൽ 29 ന് പിടിയിലായിരുന്നു. തട്ടിയെടുത്ത പണത്തിൽ 50 ലക്ഷത്തോളം രൂപ ബികാസ് ഓൺലൈൻ ചൂതാട്ടത്തിനായി ചിലവാക്കിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഫീസ് കുട്ടികളിൽ നിന്ന് വാങ്ങി കോളേജിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത് പായലിന്റെ ജോലിയായിരുന്നു. പലപ്പോഴായി കുട്ടികൾ നൽകുന്ന ഫീസ് മുഴുവനും അക്കൗണ്ടിലിടാതെ ബികാസിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു പായൽ ചെയ്തിരുന്നത്. കോളേജ് വരുമാനത്തിൽ ഏറ്റക്കുറച്ചിൽ കണ്ട് പരിശോധിച്ചപ്പോഴാണ് ഇരുവരുടേയും കള്ളിവെളിച്ചെത്തായത്.
Comments