മുംബൈ : ഭീമാ കൊറേഗാവ് കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. ജാമ്യം നിഷേധിച്ച വിധിയ്‌ക്കെതിരെ നൽകിയ പുന:പരിശോധനാ ഹർജി മുംബൈ ഹൈക്കോടതി തള്ളി. പ്രതികളായ വരവര റാവു, വെർനോൻ ഗോൺസാൽവസ്, അരുൺ ഫെരെയ്‌റ എന്നിവരുടെ ഹർജിയാണ് കോടതി തള്ളിയത്.
കേസിൽ ജയിലിൽ കഴിയുന്ന ഇവർ ജാമ്യത്തിനായി കഴിഞ്ഞ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിൽ സുധ ഭരദ്വാജിന് മാത്രമം ജാമ്യം അനുവദിച്ച കോടതി ബാക്കിയുള്ളവരുടെ അപേക്ഷ തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു ഇവരുടെ ജാമ്യഹർജി കോടതി തള്ളിയത്.
ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ സുധ ഭരദ്വാജിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. ഇക്കാര്യം വ്യക്തമാക്കിയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ തങ്ങൾക്ക് ജാമ്യം അനുവദിക്കാതിരുന്ന കോടതി നടപടി നീതി നിഷേധമാണെന്ന് ചൂണ്ടിക്കാട്ടി മറ്റ് മൂന്ന് പേരും വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഡിസംബറിലെ വിധിയിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതി ഇവരുടെ അപേക്ഷ തള്ളിയത്. ഇതിന് പുറമേ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഹർജിക്കാർ ആവശ്യമായ രേഖകൾ സമർപ്പിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
















Comments