കോപ്പൻ ഹേഗൻ: ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിന് പിച്ചളയിൽ തീർത്ത വൃക്ഷ മാതൃക സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിൽ നിർമ്മിച്ച വൃക്ഷമാതൃകയാണ് പ്രധാനമന്ത്രി നൽകിയത്. ജീവന്റെ വൃക്ഷമെന്ന് വിശേഷണമുള്ള ഈ മാതൃക ജീവിതത്തിന്റെ വികാസത്തേയും വളർച്ചയേയുമാണ് സൂചിപ്പിക്കുന്നത്. മരത്തിന്റെ ശാഖകൾ മുകളിലേക്ക് വളരുകയും വികസിക്കുകയും ചെയ്യുന്നു, ഇത് ജീവിതത്തിന്റെ വളർച്ചയെ സൂചിപ്പിക്കുന്നു.
ഡെൻമാർക്കിലെ കിരീടാവകാശി ഫെഡ്രിക്ക് രാജകുമാരന് ഡോക്ര ബോട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ചത്. ഛത്തീസ്ഗഡിൽ നിന്നുള്ളതാണിത്. ലോസ്റ്റ്-വാക്‌സ് കാസ്റ്റിംഗ് വഴി ഇരുമ്പ് അടങ്ങിയിട്ടില്ലാത്ത ലോഹങ്ങൾ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. ഇത്തരത്തിലുള്ള നിർമ്മാണം 4,000 വർഷത്തിലേറെയായി ഇന്ത്യയിൽ ഉപയോഗിച്ചുവരുന്നു.
ഉഭയകക്ഷി ബന്ധങ്ങൾ ദൃഢപ്പെടുത്തുന്നതിനായി സ്വീഡൻ, ഡെന്മാർക്ക്, ഫിൻലാൻഡ് തുടങ്ങിയ നിരവധി രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുമായി നരേന്ദ്രമോദി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഇന്ത്യയും ഫിൻലാൻഡും തമ്മിലുള്ള വികസന പങ്കാളിത്തം വളരെ വേഗം വളരുകയാണ്. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, തുടങ്ങിയ മേഖലകളിൽ ഈ പങ്കാളിത്തം കൂടുതൽ ഉറപ്പിക്കുന്നതിനുള്ള വഴികൾ പ്രധാനമന്ത്രിയും സന്ന മാരിനും ചർച്ച ചെയ്തു.
ത്രിദിന യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി കോപ്പൻ ഹേഗനിലെത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ യൂറോപ്പ് പര്യടനം ഇന്ന് പൂർത്തിയാകും. ഇന്ന് ഫ്രാൻസിലെത്തുത്ത പ്രധാനമന്ത്രി, ഇമ്മാനുവൽ മാക്രോണുമായും കൂടിക്കാഴ്‌ച്ച നടത്തും. ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ ഇരുനേതാക്കളും നടത്തും.
Comments