മലപ്പുറം: സദാചാര പോലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. 2018 ലെ പ്രളയത്തിൽ സ്ത്രീകൾക്ക് മുതുക് ചവിട്ടുപടിയാക്കി തോണിയിൽ കയറാൻ സഹായിച്ച് ശ്രദ്ധ നേടിയ താനൂർ സ്വദേശി ജെയ്‌സലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന പുരുഷനേയും സ്ത്രീയേയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.
ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് 5000 രൂപ ഇവരിൽ നിന്നും തട്ടിയെടുത്തു. 2021 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയെ നാളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. വെള്ളപ്പൊക്കത്തിനിടെ രക്ഷാപ്രവർത്തനത്തിനെത്തിയ സംഘത്തിലുണ്ടിയുരന്ന ജെയ്‌സൽ മുതുക് ചവിട്ടുപടിയാക്കി നൽകിയാണ് അന്ന് വാർത്തകളിൽ ഇടം നേടിയത്.
പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്നും ആളുകൾ ബോട്ടിൽ കയറുന്നതിനിടെ ഒരു സ്ത്രീ വെള്ളത്തിലേക്ക് വീണു. അത് കണ്ട മറ്റു സ്ത്രീകൾ ബോട്ടിൽ കയറാൻ കൂട്ടാക്കിയില്ല. തുടർന്ന് ജെയ്‌സൽ വെള്ളത്തിൽ മുട്ടുകുത്തിയിരുന്ന് ബോട്ടിൽ കയറുന്നവർക്ക് ചവിട്ടുപടിയായി. അത് കൂട്ടത്തിലൊരാൾ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ‘നന്മയുടെ മനുഷ്യരൂപം’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിച്ചത്.
















Comments