കൊച്ചി: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസിൽ നീതി കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്നും അപ്പീൽ നൽകന്നത് ഉൾപ്പെടെ പരിശോധിക്കുമെന്നും അമ്മ സുനിത. കൊലപാതകക്കേസ് സി.ബി.ഐയ്‌ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിൽ പ്രതികരിക്കുകയായിരുന്നു സഞ്ജിത്തിന്റെ അമ്മ.യഥാർത്ഥ പ്രതികളെ അല്ല പിടിച്ചതെന്ന് അമ്മ ആരോപിച്ചു.യഥാർത്ഥ പ്രതികളെ പിടിക്കും വരെ മുന്നോട്ടു പോകുമെന്നും നിയമപാലകരുമായി കൂടി ആലോചിച്ച ശേഷം തുടർ നടപടിയെന്നും സഞ്ജിത്തിന്റെ അമ്മ കൂട്ടിച്ചേർത്തു.
ഭാര്യ അർഷിക നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് തള്ളിയത്.അതേസമയം പോലീസ് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും അവസാനത്തെ പ്രതിയും അറസ്റ്റിലായി എന്ന് ഉറപ്പാക്കും വരെ ഇത് തുടരണമെന്നും കോടതി വ്യക്തമാക്കി.തുടക്കം മുതൽക്കേ കേസ് അന്വേഷണം സിബിഐയ്‌ക്ക് വിടേണ്ടെന്ന നിലപാടായിരുന്നു സംസ്ഥാന സർക്കാറിന്.
കൊലപാതകത്തിന് പിന്നിൽ നിരോധിത സംഘടനകളുണ്ടെന്നും അന്വേഷണം അയൽ സംസ്ഥാനങ്ങളിലേയ്‌ക്കടക്കം വ്യാപിപ്പിക്കേണ്ടതിനാൽ കേസ് സിബിഐയ്‌ക്ക് കൈമാറണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. കേരളത്തിന് പുറത്ത് പ്രതികൾക്ക് സംരക്ഷണം ലഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയെ പിടികൂടുന്നതിൽ പോലീസിന് സംഭവിച്ച വീഴ്ചയും, സർക്കാർ കാട്ടുന്ന അലംഭാവവും ഹർജിയിൽ സൂചിപ്പിച്ചിരുന്നു. സഞ്ജിത്തിന്റെ കൊലപാതകത്തിൽ പങ്കെടുത്തവരെ കൂടാതെ ഇതിന് കൂട്ട് നിന്നവരെയും എത്രയും വേഗം പിടികൂടി ശിക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സഞ്ജിത്തിനെ രാഷ്‌ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണു അന്വേഷണ സംഘത്തിന്റെയും കണ്ടെത്തൽ
കഴിഞ്ഞ നവംബർ 15 നാണ് ബൈക്കിൽ ഭാര്യയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.
















Comments