പട്‌ന: അഭ്യൂഹങ്ങൾക്ക് അവസാനമിട്ട് പാർട്ടി പ്രഖ്യാപനം നടത്താതെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ.പാർട്ടി പ്രഖ്യാപനത്തിന് പകരം ബീഹാറിൽ പദയാത്രയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഈ വർഷം ഒക്ടോബർ മൂന്ന് മുതലാണ് പദയാത്ര നടത്തുക.
പടിഞ്ഞാറൻ ചമ്പാരൻ ഗാന്ധി ആശ്രമത്തിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര 3,000 കിലോമീറ്റർ നടത്തും. അടുത്ത മൂന്ന് നാല് വർഷത്തേക്ക് പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ലക്ഷ്യം. രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം നിലവിലില്ലെന്നും പാർട്ടി പ്രഖ്യാപന സാധ്യതകൾ തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
സമീപ ഭാവിയിൽ ബിഹാറിൽ തെരഞ്ഞെടുപ്പുകൾ ഇല്ലാത്ത സാഹചര്യത്തിൽ തിരക്കിട്ട് രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്നത് തന്റെ പദ്ധതിയിലില്ല. ബീഹാറിലെ പ്രശ്നങ്ങൾ മനസിലാക്കുന്നതിനാണ് പദയാത്ര നടത്തുന്നത്. ഏകദേശം 17,000 മുതൽ 18,000 ആളുകളുമായി സംസാരിച്ച് അവരെ ഒരുകുടക്കീഴിൽ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. രാഷ്‌ട്രീയ പാർട്ടിയെന്ന ആശയം ജനങ്ങളിൽ നിന്ന് ഉണ്ടായാൽ ഇക്കാര്യത്തിൽ ആലോചന നടത്തും. പാർട്ടി രൂപീകരിക്കേണ്ടിവന്നാൽ അത് പ്രശാന്ത് കിഷോറിന്റെ പാർട്ടി ആയിരിക്കില്ല, ഇത് ജനങ്ങളുടെ പാർട്ടിയായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ ചേരാനുള്ള ക്ഷണം നിരസിച്ച് ദിവസങ്ങൾക്കകമാണ് നിർണായക രാഷ്‌ട്രീയ നീക്കവുമായി പ്രശാന്ത് കിഷോർ രംഗത്തെത്തിയിരിക്കുന്നത്.
Comments