2011, മേയ് 2… ലോകത്തെ അത്ഭുതപ്പെടുത്തിയ ഒരു സംഭവം പാകിസ്താനിലെ അബോട്ടാബാദിൽ നടന്നു. ഒരീച്ചപോലും അറിയാതെ അബോട്ടാബാദിലെ മൂന്ന് നില കെട്ടിടത്തിലേക്ക് ആക്രമിച്ച് കയറിയ അമേരിക്കൻ സൈന്യത്തിന് അയാളെ കൊല്ലാൻ അധിക നേരം വേണ്ടിവന്നില്ല. സ്വകാര്യ ഓപ്പറേഷന് ശേഷം ആ മൃതദേഹവുമായി സൈനികർ ഹെലികോപ്റ്ററിൽ തിരിച്ച് പറന്നു. അയാളുടെ മൃതദേഹം ഒരു സ്മാരകമുണ്ടാകാൻ കാരണമാകരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. അമേരിക്കയുടെ പട്ടികയിൽ കൊടുംഭീകരൻ എന്ന സ്ഥാനം നേടിയ അൽ ഖ്വായ്ദ തലവൻ ഒസാമ ബിൻ ലാദനായിരുന്നു അത്.
ആയിരക്കണക്കിന് ആളുകളെ ഒരു മടിയുമില്ലാതെ കൊന്ന് തളളിയ കൊടും ഭീകരനെ സംരക്ഷിക്കാൻ അന്ന് പാക് ഭരണകൂടത്തിനോ ചാരസംഘടനയായ ഐഎസ്‌ഐക്കോ സാധിച്ചില്ല. ചുരുക്കി പറഞ്ഞാൽ അമേരിക്കൻ സൈന്യത്തിന്റെ ഏറ്റവും മികച്ച ഓപ്പറേഷനുകളിൽ ഒന്നായിരുന്നു അത്.
2996 പേരുടെ മരണത്തിനു കാരണമായ സെപ്തംബർ 11 ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലാദനെ വധിച്ചത് അഫ്ഗാനിലെ അമേരിക്കൻ സൈനിക താവളത്തിൽ നിന്നും പറന്നെത്തിയ യുഎസ് നേവി സീലുകളായിരുന്നു. പത്ത് വർഷം നീണ്ട തെരച്ചിലിനൊടുവിലാണ് ലാദന്റെ പാകിസ്താനിലെ ഒളിത്താവളം സിഐഎ കണ്ടെത്തിയത്.
സൗദി അറേബ്യയിലെ സിറിയയിൽ ജനിച്ച ലാദൻ രാജകുടുംബവുമായി അടുത്ത ബന്ധമുള്ള വ്യവസായിയുടെ മകനായിരുന്നു. മികച്ച വദ്യാഭ്യാസം നേടിയെടുത്ത ഇയാൾക്ക് മതം,മൗലികവാദം എന്നിവയിൽ താത്പര്യമുണ്ടായി. തീവ്ര ശരിഅത്ത് നിയമങ്ങളിൽ വിശ്വസിച്ചിരുന്ന ലാദൻ അത് നടപ്പിലാക്കുന്നതിന് വേണ്ടി ഭീകര സംഘടന ആരംഭിച്ചു. മുസ്ലീങ്ങളെ ഉയർത്തിക്കൊണ്ട് വന്ന് മറ്റ് മതസ്ഥരെ ഇല്ലാതാക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. മദ്ധ്യ ഏഷ്യൻ രാജ്യങ്ങളിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കക്കാരെ അയാൾ വെറുത്തു. അമേരിക്കൻ സൈന്യത്തെ ചൊടിപ്പിക്കാൻ വേണ്ടിയാണ് 2001, സെപ്തംബർ 11 വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ചത്. ഭീകരാക്രമണം 2996 പേരുടെ മരണത്തിനു കാരണമായി.
ഇതോടെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ കൊടുംഭീകരനായ ബിൻ ലാദന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. പത്ത് വർഷത്തെ തിരച്ചിലിനൊടുവിലാണ് ലാദൻ പാകിസ്താനിൽ തന്നെ ഒളിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്. ഇരുപത് അടി ഉയരമുള്ള ചുവരുകളോട് കൂടിയ കോട്ട പോലുള്ള വീട്ടിലായിരുന്നു ലാദന്റെ താമസം. ലാദന്റെ വീട് കണ്ടെത്തിയതോടെ അയാളെ അവിടെയെത്തി വകുവരുത്താൻ നീക്കങ്ങൾ ആരംഭിച്ചു. ഓപ്പറേഷൻ നെപ്ട്യൂൺ സ്പിയർ എന്നായിരുന്നു ആ ഓപ്പറേഷന്റെ പേര്. അമേരിക്കൻ നാവിക സേനയിലെ എലീറ്റ് വിഭാഗമായ നേവി സീലുകളും, യുഎസ് എയർഫോഴ്സും സിഐ എയും സംയുക്തമായി നടത്തിയതായിരുന്നു അത്. പാക് മണ്ണിൽ അമേരിക്ക നടത്തിയ ഓപ്പറേഷനെ കുറിച്ച് പാക് സർക്കാറിനു പോലും അറിവില്ലായിരുന്നു .
റഡാറുകളുടെ പിടിയിൽ പെടാത്ത കുറഞ്ഞ ശബ്ദത്തിൽ പ്രവർത്തിക്കുന്ന വിധത്തിൽ മാറ്റങ്ങൾ വരുത്തിയ രണ്ടു സ്റ്റെൽത്ത് ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറുകളിലാണ് സംഘം പോയത്. എച്ച്‌കെ 416 അസോൾട്ട് റൈഫിൾ, മാർക്ക് 46 , എംപി7 മെഷീൻഗണ്ണുകൾ എന്നിവയായിരുന്നു അവരുടെ പ്രധാന ആയുധങ്ങൾ. രണ്ടു ഡസനിലധികം കമാൻഡോകൾ. ഒപ്പം, കെയ്‌റോ എന്ന വേട്ടപ്പട്ടി.
നിശബ്ദ ഹെലികോപ്റ്ററിൽ നിന്ന് തൂങ്ങിയിറങ്ങിയ കമാൻഡർമാർ കോട്ടയിലേക്ക് ഇരച്ചുകയറി. നാൽപ്പത് മിനിറ്റ് നീണ്ടുനിന്ന ഓപ്പറേഷന് ശേഷം ബിൻ ലാദന്റെ മൃതദേഹവുമായാണ് അവർ പുറത്തേക്ക് വന്നത്. കുർത്തയും പൈജാമയും ധരിച്ച് കിടന്നുറങ്ങുകയായിരുന്ന ലാദൻ പുറത്തെ ബഹളം കേട്ട് എത്തിനോക്കിയപ്പോൾ കോണിപ്പടി കയറിവന്ന കമാൻഡോ വെടിവെക്കുകയായിരുന്നു. ലാദന് പുറമെ അവിടുണ്ടായിരുന്ന നാലുപേർ കൂടി ആക്രമണത്തിൽ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടത് ലാദൻ തന്നെയാണ് സ്ഥിരീകരിക്കാൻ ഫേസ് റെകഗ്നീഷനും ഡിഎൻഎ പരിശോധനയും നടത്തി. അന്നത്തെ പ്രസിഡന്റ് ഒബാമയും വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനും സൈനിക മേധാവികളടക്കമുള്ള ഉന്നതരും വൈറ്റ് ഹൗസിലെ പ്രത്യേക മുറിയിലിരുന്ന് സൈനിക നടപടിക്ക് തൽസമയം നേതൃത്വം നൽകി. ബിൻ ലാദൻ അമേരിക്കൻ കമാൻഡോ ഓപ്പറേഷനിൽ കൊല്ലപ്പെട്ട വിവരം പ്രസിഡന്റ് ഒബാമ ലോകത്തെ അറിയിച്ചു. കാൾ വിൻസൻ എന്ന അമേരിക്കൻ യുദ്ധക്കപ്പലിൽ കൊണ്ടുവന്നശേഷം ഇസ്ലാമിക വിധിപ്രകാരം തന്നെ കടലിൽ മൃതദേഹം മറവുചെയ്തു എന്നാണ് അമേരിക്ക പിന്നീട് വ്യക്തമാക്കിയത്.
ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അങ്ങനെ എന്നെന്നേക്കുമായി അവസാനിച്ചു. കാലങ്ങളോളം കബളിപ്പിച്ച ഒസാമ ബിൻ ലാദൻ പാകിസ്താനിൽ തങ്ങളുടെ മൂക്കിനു താഴെ ഉണ്ടായിരുന്നുവെന്നത് അമേരിക്കൻ രഹസ്യാന്വേഷണത്തിന് നാണക്കേടായി.. എങ്കിലും ഒടുവിൽ അവർ ലക്ഷ്യം കാണുക തന്നെ ചെയ്തു. ലോകത്ത് നടന്ന ഏറ്റവും രഹസ്യ സ്വഭാവമുള്ള ഓപ്പറേഷനുകളിൽ ഒന്നായിരുന്നു അത്.















Comments