അലഹബാദ്: മസ്ജിദുകളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നത് പൗരന്റെ മൗലിക അവകാശമല്ലെന്ന് അലാഹാബാദ് ഹൈക്കോടതി. ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് അനുമതി തേടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
പള്ളികളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് ഭരണഘടനാപരമായ അവകാശമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജി തള്ളുകയും ചെയ്തു. ജസ്റ്റിസ് വിവേക് കുമാർ ബിർളയും ജസ്റ്റിസ് വികാസും അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2021 ഡിസംബറിൽ ബദൗൻ ജില്ലയിലെ ബിസൗലി സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ് നടത്തിയ ഉത്തരവിനെ ചോദ്യം ചെയ്ത് ഇർഫാൻ എന്ന ഹർജിക്കാരനാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. സബ്ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും മൗലിക അവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. തുടർന്നാണ് മസ്ജിദുകളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് മൗലിക അവകാശങ്ങളിൽ ഉൾപ്പെടുകയില്ലെന്ന് കോടതി വ്യക്തമാക്കിയത്.
Comments