ന്യൂഡൽഹി: ഇന്ത്യയിൽ ജനസംഖ്യ നിയന്ത്രണ പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നുവെന്ന് റിപ്പോർട്ട്. ദേശീയ കുടുംബാരോഗ്യ സർവേ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ ആകെ പ്രത്യുൽപാദന നിരക്ക് 2.2ൽ നിന്നും 2.0 ആയി കുറഞ്ഞുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ജനസംഖ്യാ നിയന്ത്രണത്തിൽ രാജ്യം മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ പരാമർശം.
ഒരു സ്ത്രീക്കുള്ള ശരാശരി കുട്ടികളുടെ എണ്ണത്തെ കണക്കാക്കിയാണ് രാജ്യത്തെ ആകെ പ്രത്യുൽപാദന നിരക്ക് കണ്ടെത്തുന്നത്. ഇത് പ്രകാരമാണ് നിരക്ക് 2 ശതമാനമായി കുറഞ്ഞുവെന്ന് ദേശീയ കുടുംബാരോഗ്യ സർവേയുടെ അഞ്ചാം റൗണ്ട് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. നാലാം റൗണ്ടിൽ ഇത് 2.2 ആയിരുന്നു. ഓരോ സംസ്ഥാനങ്ങളിലെയും വ്യക്തിഗത കണക്കുകൾ പരിശോധിച്ചാൽ ബിഹാർ, മേഘാലയ, യുപി, ജാർഖണ്ഡ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് രണ്ട് ശതമാനത്തിന് മുകളിൽ പ്രത്യുൽപാദന നിരക്കുള്ളത്.
ഏകദേശം 6.37 ലക്ഷം കുടുംബങ്ങളെ സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കിയാണ് അഞ്ചാം ഘട്ട സർവേ പൂർത്തിയാക്കിയത്. ഇതുപ്രകാരം രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 707 ജില്ലകളെ സാമ്പിൾ ശേഖരണത്തിനായി പരിഗണിച്ചിട്ടുണ്ട്. 2017 മുതലാണ് സർവ്വേ ആരംഭിച്ചത്.
ആധുനിക രീതിയിലുള്ള ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നതിൽ എല്ലാ സംസ്ഥാനങ്ങളിലും വർധനവ് രേഖപ്പെടുത്തി. രാജ്യത്ത് മൊത്തത്തിലുള്ള ഗർഭനിരോധന നിരക്ക് 54 ശതമാനത്തിൽ നിന്ന് 67 ശതമാനമായി വർദ്ധിച്ചു. ആശുപത്രികളിലെ പ്രസവനിരക്ക് 79 ശതമാനത്തിൽ നിന്നും 89 ശതമാനമായി ഉയർന്നു. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ വളർച്ച മുരടിപ്പ് സംഭവിക്കുന്നതും കുറഞ്ഞിട്ടുണ്ട്. ഇത് 38ൽ നിന്ന് 36 ശതമാനമായി കുറഞ്ഞു.
മെച്ചപ്പെട്ട ശുചിത്വ സൗകര്യങ്ങൾ ലഭിക്കുന്നതിലും വീട്ടുപകരണങ്ങളുടെ ഉപയോഗത്തിലും മികച്ച രീതിയിലുള്ള പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹാനീകരമല്ലാത്ത പാചക വാതകം ഉപയോഗിക്കുന്നതും രാജ്യത്ത് വർധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ സ്ത്രീകൾ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ ആരംഭിച്ചതിന്റെ നിരക്ക് 53 ശതമാനത്തിൽ നിന്ന് 79 ആയി ഉയർന്നുവെന്നും ദേശീയ കുടുംബാരോഗ്യ സർവ്വേ വ്യക്തമാക്കുന്നു.
















Comments