തിരുവനന്തപുരം:സംസ്ഥാനത്ത് പാതയോരങ്ങളിലെ കൊടി തോരണങ്ങൾ സ്ഥാപിക്കുന്നതിൽ നിയന്ത്രണുവമായി സർക്കാർ. പുതിയ മാർഗ രേഖ പറത്തിറക്കി.കൊടി തോരണങ്ങൾ സ്ഥാപിക്കുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധമിമുട്ടുണ്ടാക്കരുത്, മുൻപ് തദ്ദേശ സെക്രട്ടറിയുടെ മുൻകൂർ അനുമതി വാങ്ങണം, കൊടി തോരണങ്ങൾ വയ്ക്കുമ്പോൾ സംഘർഷത്തിലേക്ക് പോകാതെ നോക്കണം,നിശ്ചിത ദിവസങ്ങളിലേക്ക് മാത്രമേ കൊടി തോരണങ്ങൾ വെയ്ക്കാവൂ തുടങ്ങിയ നിർദ്ദേശങ്ങൾ അടങ്ങുന്നതാണ് സർക്കാർ പുറത്തിറക്കിയ മാർഗ നിർദ്ദേശം.
പാർട്ടി സമ്മേളനങ്ങളിലെയടക്കം കൊടി തോരണങ്ങൾ നീക്കം ചെയ്യാത്തതിൽ ഹൈക്കോടതി സർക്കാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി സർവ്വ കക്ഷി യോഗം വിളിച്ചിരുന്നു. പാതയോരങ്ങളിൽ മാർഗതടസ്സമില്ലാതെ കൊടി തോരണങ്ങൾ കെട്ടാമെന്നായിരുന്നു സർവ്വകക്ഷി യോഗത്തിലെ തീരുമാനം. രാഷ്ട്രീയ പാർട്ടികൾക്കും മത, സാമുദായിക, സാംസ്കാരിക സംഘടനകൾക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുതെന്നും യോഗത്തിൽ തീരുമാനമായിരുന്നു.ഇതിന് പിന്നാലെയാണ് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എംവി ഗോവിന്ദൻ പാതയോരങ്ങളിൽ കൊടി തോരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാർഗ നിർദ്ദേശം പുറത്തിറക്കിയത്.
കൊടി തോരണങ്ങൾ നീക്കം ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.കൊച്ചിയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് പാതയോരങ്ങളിൽ വലിയ തോതിൽ കൊടിതോരണങ്ങൾ കെട്ടിയിരുന്നു. ഇതുൾപ്പെടെ കണക്കിലെടുത്തായിരുന്നു പാതയോരങ്ങളിൽ കൊടിതോരണങ്ങൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
കൊടിമരങ്ങൾ ഇളക്കി മാറ്റണമെന്നും തദ്ദേശ ഭരണകൂടങ്ങൾ ഇത് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. നിയമവിരുദ്ധമായി കൊടികൾ സ്ഥാപിച്ചത് ആരാണ് എന്നത് ഹൈക്കോടതിക്ക് വിഷയമല്ല. ആര് നിയമവിരുദ്ധമായി കൊടിതോരണങ്ങൾ സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞ്.
മുൻപ് സിപിഎം സംസ്ഥാന സമ്മേളനത്തിനായി ഫുട്പാത്തുകൾ കയ്യേറി കൊടിതോരണങ്ങൾ സ്ഥാപിച്ചതിനെതിരെ കോടതി രംഗത്തെത്തിയിരുന്നു. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയ്ക്ക് എന്തുമാവാമെന്ന അവസ്ഥയാണോ എന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. സമ്മേളനം അവസാനിച്ച ശേഷം കൊടിതോരണങ്ങൾ നീക്കം ചെയ്ത വിവരങ്ങൾ അറിയിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.
അതേസമയം ഹൈക്കോടതി നിർദ്ദേശത്തിനെതിരെ സിപിഎം സംസ്ഥാന സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ചെങ്കൊടി കാണുമ്പോൾ ഹാലിളകുന്നത് മാടമ്പിത്തരമാണെന്നും മാടമ്പിമാരെ എങ്ങനെയാണ് നേരിട്ടതെന്ന് ചരിത്രം പരിശോധിച്ചാൽ മതിയെന്നുമായിരുന്നു പിണറായിയുടെ വാക്കുകൾ.
















Comments