ഹൈദബരാബാദ് : മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ ഭാര്യാ സഹോദരനും ബന്ധുക്കളും കുത്തിക്കൊലപ്പെടുത്തിയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഒളിച്ചോടി വിവാഹം കഴിച്ച ദമ്പതിമാരെ പിന്തുടർന്ന് വന്ന്, നടുറോഡിലിട്ട് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രതികളെ പിടികൂടുകയും ചെയ്തു. എന്നാൽ പ്രണയത്തിൽ ആയിരിക്കുമ്പോഴും വീട്ടുകാർ തങ്ങളെ വധിക്കാൻ ശ്രമിച്ചിരുന്നു എന്നാണ് യുവതി പറയുന്നത്.
ബി നാഗരാജു എന്ന യുവാവിനെയാണ് ഭാര്യ സയീദ് ആഷ്രിൻ സുൽത്താനയുടെ കുടുംബക്കാർ കുത്തിക്കൊലപ്പെടുത്തിയത്. ഇവർ പ്രണയത്തിലായിരിക്കുമ്പോൾ തന്നെ യുവതിയുടെ കുടുംബത്തിൽ നിന്ന് വധഭീഷണി നേരിട്ടിരുന്നു. ദളിത് യുവാവിനെ പ്രണയിച്ചതിന് സുൽത്താനയുടെ സഹോദരൻ അവരെ രണ്ട് തവണ തൂക്കിക്കൊല്ലാൻ ശ്രമം നടത്തിയിരുന്നു എന്നാണ് യുവതി മാദ്ധ്യമങ്ങളോട് പറയുന്നത്. വിവാഹത്തിന് മുൻപും വീട്ടുകാർ തന്നെ കൊലപ്പെടുത്താൻ ശ്രമം നടത്തി. തുടർന്ന് ഇവർ ഹൈദരാബാദിലേക്ക് ഒളിച്ചോടി ആര്യാ സമാജ് മന്ദിറിലെത്തി വിവാഹം കഴിച്ചു. എന്നാൽ വീട്ടുകാർ തങ്ങളെ പിന്തുടർന്നുവരികയായിരുന്നു. വിവാഹം കഴിച്ചാൽ സഹോദരൻ തങ്ങളെ കൊല്ലുമെന്ന് അമ്മ എപ്പോഴും മുന്നറിയിപ്പ് നൽകുമായിരുന്നു.
ആക്രമണം ഇത് മുൻകൂട്ടി കണ്ടിരുന്നതിനാൽ ഒളിച്ചോടിയപ്പോൾ തന്നെ രണ്ട് പേരുടെയും സിം കാർഡ് മാറ്റി. പോലീസ് സൂപ്രണ്ടിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടു. എന്നാൽ വീട്ടുകാർ പക പോക്കുകയായിരുന്നു. മാസങ്ങളോളം തങ്ങളെ തേടി സഹോദരൻ നടന്നുവെന്നും ഒരു മാസം മുൻപാണ് തങ്ങൾ താമസിക്കുന്ന സ്ഥലം കണ്ടെത്തിയത് എന്നും യുവതി പറയുന്നു. സ്ഥലം തിരിച്ചറിഞ്ഞതോടെ പിന്തുടർന്ന് വന്ന് നടുറോഡിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവിനെ കൊല്ലരുതെന്ന് പറഞ്ഞ് സഹോദരന്റെ കാല് പിടിച്ചെങ്കിലും ഒരു ദയയുമില്ലാതെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നും സുൽത്താന പറഞ്ഞു.
















Comments