ഗുവാഹത്തി : പരാതി നൽകാനെത്തിയ തൊണ്ണൂറുകാരിയുടെ അടുത്ത് മുട്ടുകുത്തിയിരുന്ന് അവരുടെ ആവശ്യം കേട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ദെർഗാവിൽ നിന്നുളള 90 കാരിയാണ് മുഖ്യമന്ത്രിയെ കാണാൻ കാസിരംഗയിൽ എത്തിയത്. ഇവരുടെ മകനുമായി ബന്ധപ്പെട്ട നിവേദനം നൽകാനാണ് മുത്തശ്ശി വന്നത്. എല്ലാം അടുത്തിരുന്ന് കേട്ട മുഖ്യമന്ത്രി, സർക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്തു. മുത്തശ്ശിയുടെ അടുത്തിരുന്ന് സംസാരിക്കുന്ന ഹിമന്ത ബിശ്വ ശർമ്മയുടെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഓഫീസിൽ നിന്ന് ഇറങ്ങിവന്ന മുഖ്യമന്ത്രി നേരെ സോഫയിലിരുന്ന വൃദ്ധയുടെ അടുത്തെത്തി മുട്ടുകുത്തി ഇരിക്കുകയായിരുന്നു. തുടർന്ന് അവരുടെ കയ്യിൽ പിടിച്ച് ഭക്ഷണം കഴിച്ചോയെന്ന് ചോദിച്ചു. പുറത്ത് നിന്നൊന്നും കഴിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞതോടെ പഴങ്ങൾ കൊണ്ടുവരാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കുശലാന്വേഷണം നടത്തിയ ശേഷം മുത്തശ്ശിയുടെ പ്രശ്‌നമെന്താണെന്നും മുഖ്യമന്ത്രി ആരാഞ്ഞു.
മുത്തശ്ശിയുടെ പരാതി കേട്ട ശേഷം എല്ലാ സഹായങ്ങളും സർക്കാർ ചെയ്ത് നൽകാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. മുത്തശ്ശിയുടെ പരാതി ഉടൻ പരിഹരിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദെർഗാവിൽ നിന്നാണ് താൻ വരുന്നതെന്ന് പറഞ്ഞപ്പോൾ, ഇനി താൻ ദെർഗാവിലെത്തുമ്പോൾ ഉറപ്പായും വീട്ടിലേക്ക് വരാമെന്ന് ഹിമന്ത പറഞ്ഞു.
ഈ ദൃശ്യങ്ങൾ അസം മുഖ്യമന്ത്രിയും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 90 വയസ്സുള്ള മുത്തശ്ശിയിൽ നിന്ന് അനുഗ്രഹം ലഭിക്കുന്നത് എത്ര ദൈവീകമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അവരുടെ മകനുമായി ബന്ധപ്പെട്ട ഒരു വ്യക്തിപരമായ പ്രശ്നം പരിഹരിക്കാനാണ് അവർ ദെർഗാവിൽ നിന്ന് തന്നെ കാണാൻ വന്നത്. സർക്കാരിന്റെ എല്ലാ പിന്തുണയും അവർക്ക് ഉറപ്പുനൽകിയെന്നും അദ്ദേഹം ട്വിറ്ററിൽകുറിച്ചു
















Comments