തിരുവനന്തപുരം: വീട് അതിക്രമിച്ചു കയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അഞ്ചംഗ സംഘം പിടിയിൽ.നടയറ കുന്നിൽ വീട്ടിൽ നിന്നു ആറ്റിങ്ങൽ എൽഎംഎസ് ചിത്തിര നിവാസിൽ വാടകയ്‌ക്കു താമസിക്കുന്ന റമീസ്(24), ചെമ്മരുതി മുട്ടപ്പലം ചാവടിമുക്ക് സെമീന മൻസിലിൽ മുനീർ(24), വർക്കല നടയറ ബംഗ്ലാവിൽ നസീർ മൻസിലിൽ അമീർ ഖാൻ(24),കൊട്ടിയം പേരയം വയലിൽ പുത്തൻവീട്ടിൽ നിന്നു, ചെമ്മരുതി മുട്ടപ്പലം നടയറ കുന്നിൽ താമസിക്കുന്ന അഷീബ്(23),ചിറയിൻകീഴ് ശാർക്കര പുതുക്കരിയിൽ അജയകുമാർ (24) എന്നിവരാണ് അറസ്റ്റിലായത്.
ചെമ്മരുതി ചാവടി മുക്കിന് സമീപം കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കേസിലെ ഒന്നാം പ്രതിയായ റമീസ് സംഘാംഗങ്ങളോടൊപ്പം എത്തിയാണ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. പ്ലസ്ടുവിന് പഠിക്കുന്ന പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടാണ് റമീസ് വീട്ടിൽ അതിക്രമം കാണിച്ചത്. മാരകായുധങ്ങളുമായി ഇരുചക്രവാഹനങ്ങളിൽ എത്തിയ സംഘം വീടിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് വീടിന്റെ മുൻവശത്തെ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും മുറികളുടെ ജനൽ പാളികളുടെ ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്തു. വീടിന്റെ പിറകിലെ വാതിൽ പൊളിച്ച് അകത്തു കയറിയ സംഘം പെൺകുട്ടിയുടെ അച്ഛനെയും അമ്മയെയും മർദ്ദിച്ചു പെൺകുട്ടിയുമായി കടന്നുകളയുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാരെ പ്രതികൾ മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് സംഭവസ്ഥലത്തു നിന്നും കടന്നു കളഞ്ഞത്.
രാത്രി വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയ തട്ടിക്കൊണ്ട് പോയതോടെ നാട് പരിഭ്രാന്തിയിലായി. തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് പെൺകുട്ടി, റമീസുമായി പ്രണയത്തിലാണെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് അറസ്റ്റിലായ റമീസിനൊപ്പം സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ സ്വീകരിക്കാൻ രണ്ട് വീട്ടുകാരും തയ്യറാവാത്തതിനാൽ പ്രായപൂർത്തിയായ പെൺകുട്ടിയെ തിരുവനന്തപുരം മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
















Comments