മുംബൈ: അദിവി ശേഷ് നായകനായെത്തുന്ന മേജറിന്റെ ട്രെയ്‌ലർ പുറത്ത്. മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതമാണ് ചിത്രം പറയുന്നത്. മേജർ സന്ദീപിന്റെ മാതാപിതാക്കളുടെ വൈകാരികമായ വാക്കുകളിലൂടെയാണ് ട്രെയ്‌ലർ നീങ്ങുന്നത്. ജൂൺ മൂന്നിനാണ് ചിത്രം തീയേറ്ററിൽ പ്രദർശനത്തിനെത്തും.
മുംബൈ ഭീകരാക്രമണം മാത്രമല്ല സന്ദീപിന്റെ ജീവിതമെന്നും അതിനും എത്രയോ മുൻപ് സന്ദീപിന്റെ കഥ തുടങ്ങുന്നുവെന്നും ട്രെയ്‌ലറിൽ പറയുന്നു. പ്രകാശ് രാജും രേവതിയുമാണ് ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളുടെ വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ നായകനായെത്തുന്ന അദിവി ശേഷ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും.
2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ എസ് ജി കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണൻ വെടിയേറ്റ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണൻ ജനിച്ചത്. പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.
ശശി കിരൺ ടിക്കയാണ് മേജർ സംവിധാനം ചെയ്യുന്നത്. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. ഹിന്ദിയിലും മലയാളത്തിലും തെലുങ്കിലുമാണ് ചിത്രമൊരുങ്ങുന്നത്. 2020ലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്.
















Comments