ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ഷഹീൻബാഗിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി നാളെയും തുടരുമെന്ന് മുൻസിപ്പൽ കോർപ്പറേഷൻ. നാളെ ന്യൂ ഫ്രെണ്ട്‌സ് കോളനിയിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റുമെന്ന് സെൻട്രൽ സോൺ ചെയർമാൻ പറഞ്ഞു. രാവിലെ 11 മണി മുതൽ ന്യൂഫ്രണ്ട്‌സ് കോളനിയിൽ ഒഴിപ്പിക്കൽ നടപടി തുടരും,.
അടുത്ത 15 ദിവസത്തേയ്‌ക്കുള്ള റോഡ് മാപ്പ് മുനിസിപ്പൽ കോർപ്പറേഷന്റെ പക്കലുണ്ടെന്ന് എഡ്‌സിഎംസി സെൻട്രൽ സോൺ ചെയർമാൻ രാജ്പാൽ സിംഗ് വ്യക്തമാക്കി. നാളെ രാവിലെ 11 മണി മുതൽ പ്രദേശത്ത് ബുൾഡോസറുകളെത്തി അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. ബിജെപി എംഎൽഎമാരും കൗൺസിലർമാരും ഇല്ലാത്തതിനാൽ ഷഹീൻബാഗ് മേഖലയിൽ കൂടുതൽ കയ്യേറ്റങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒഴിപ്പിക്കൽ നടപടി നിർത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടില്ലെന്നും രാജ്പാൽ ചൂണ്ടിക്കാട്ടി. ഷഹീൻബാഗിലെ അനധികൃത നിർമാണം ഒഴിപ്പിക്കുന്നത് തടയാൻ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ച സിപിഎം തിരിച്ചടി നേരിട്ടിരുന്നു. ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
Comments