ഹൊ, എന്തൊരു പൊടിയും പുകയുമാണല്ലേ.. മര്യാദയ്‌ക്ക് ഒന്നു ശ്വാസമെടുക്കാൻ പോലും കഴിയാതായി ഇന്ന്. തിക്കും തിരക്കും വാഹനങ്ങളും മലിനീകരണവും എല്ലാം കൊണ്ട് ഒന്ന് ശുദ്ധവായു ശ്വസിക്കണമെങ്കിൽ വല്ല കാട്ടിലും പോകേണ്ട അവസ്ഥയായി.വ്യവസായവൽക്കരണവും നഗരവൽക്കരണവും ആധുനിക ജീവിതത്തിനു അനുഗ്രഹമാകുമ്പോൾഅല്പം ശുദ്ധവായു ശ്വസിക്കാൻ കാടും മലയും കയറേണ്ട അവസ്ഥയാണ്. എന്താണ് ഇതിന് പരിഹാരം?
ഓരോവർഷവും മനുഷ്യൻ പുറന്തള്ളുന്ന കാർബൺ മറ്റെന്തിനെങ്കിലും ഉപകാരപ്പെട്ടലാ? നല്ല കാര്യം അല്ലേ? ആയിരക്കണക്കിന് ടൺ കാർബർ അങ്ങനെ നമുക്ക് ഭൂമിയിൽ നിന്ന് ഒഴിവാക്കാൻ സാധിക്കും. പാരീസ് ഉടമ്പടിയൊക്കെ ഇതിന്റെ ഭാഗമായി ലോകരാജ്യങ്ങൾ ഒത്തൊരുമിച്ച് ഭാവി തലമുറയെ സുരക്ഷിതമാക്കാൻ രൂപം നൽകിയതാണ്. എന്നാൽ മനുഷ്യൻ ഭൂമിയിലേക്ക് പുറന്തള്ളുന്ന കാർബൺ കൊണ്ട് പണമുണ്ടാക്കുന്ന ഒരാളെ പരിചയപ്പെടാം. പലരുടെയും മനസിൽ വന്നതുപോലെ വിദേശിയൊന്നുമല്ല.. ഇന്ത്യക്കാരൻ തന്നെയാണ് കക്ഷി.
വേണമെങ്കിൽ ചക്ക വേരിലും; പുറന്തള്ളുന്ന കാർബൺ കൊണ്ട് ടൈൽസ് ഉണ്ടാക്കി; നേടിയത് ലക്ഷങ്ങൾ
വേണമെങ്കിൽ ചക്ക വേരിലും; പുറന്തള്ളുന്ന കാർബൺ കൊണ്ട് ടൈൽസ് ഉണ്ടാക്കി; നേടിയത് ലക്ഷങ്ങൾ
Posted by Janam TV on Tuesday, May 10, 2022
—————–
ഈ മലിനമായ വായു കൊണ്ട് ആർക്കാണ് ഉപകാരം എന്നാകും കൂടുതലാളുകളും ചിന്തിക്കുന്നത്. തേജസ് സിന്ദാൽ എന്നാണ് നമ്മുടെ കഥാനായകന്റെ പേര്, മുംബൈ സ്വദേശിയായ ആളൊരു മെറ്റീരിയൽ ഡിസൈനറാണ്. വാണിജ്യ നഗരമായ മുംബൈയിൽ ജനിച്ചുവളർന്ന തേജസിനെ വായു മലിനീകരണം വല്ലാതെ അലട്ടി. ഫാക്ടറികളിൽ നിന്നും മറ്റും പുറന്തള്ളുന്ന കാർബണിന്റെ അളവ് കണ്ട് അദ്ദേഹത്തിന്റെ കണ്ണ് തള്ളി.
എന്താണിതിന് പരിഹാരം എന്ന് അദ്ദേഹം കുത്തിയിരുന്ന് ആലോചിച്ചു. അങ്ങനെ ഒരു വഴി കണ്ടെത്തി. ഈ പുറന്തള്ളപ്പെടുന്ന കാർബൺ ഉപയോഗിച്ച് എന്തെങ്കിലും ഉപകാരപ്രദമായ വസ്തു ഉണ്ടാക്കുക എന്ന്. പക്ഷെ എന്തുണ്ടാക്കും? മെറ്റീരിയൽ ഡിസൈനറായ തേജസിന് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. കാർബൺ ഉപയോഗിച്ച് ടൈലുകൾ നിർമ്മിക്കുകയായിരുന്നു അദ്ദേഹത്തിന്റെ മനസിൽ തെളിഞ്ഞ ആശയം.
കാർബൺ ഉപയോഗിച്ച് ടൈലോ? അതെ നമ്മൾ നിലത്ത് വിരിക്കുന്ന ടൈൽ തന്നെ? എങ്ങനെയാണ് ഇത് സാധ്യമാവുക എന്നല്ലേ? ഫാക്ടറികളിൽ നിന്ന് ശേഖരിക്കുന്ന അപ്‌സൈക്കിൾ ചെയ്ത കാർബണിൽ നിന്നാണ് അദ്ദേഹം ടൈലുകൾ നിർമ്മിക്കുന്നത്. ഫാക്ടറികളിൽ നിന്ന് ശേഖരിക്കുന്ന കാർബണിൽ നിന്ന് ആദ്യം ലോഹത്തിന്റേയും മറ്റു വസ്തുക്കളുടേയും അംശം ഇല്ലാതാക്കുകയും പിന്നീട് അവ സിമന്റുമായും മാർബിളുമായും മിക്‌സ് ചെയ്യുകയും ചെയ്യും. ഈ മിശ്രിതം ഉപയോഗിച്ചാണ് കാർബൺ ടൈലുകൾ നിർമ്മിക്കുന്നത്.
സാധാരണ ടൈലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ അഞ്ചിലൊന്ന് മാത്രമേ തേജസിന്റെ കാർബൺ ടൈലുകൾ നിർമ്മിക്കാൻ ആവശ്യമായി വരുന്നുള്ളൂ. ഇങ്ങനെ നിർമ്മിക്കുന്ന ഒരോ ടൈലിലും ഉപയോഗിക്കുന്നത് വലിയ അളവിലുള്ള കാർബണാണ്. ഓരോ കാർബൺ ടൈൽ നിർമ്മിക്കുന്നത് 30,000 ലിറ്റർ വായു ശുദ്ധീകരിക്കുന്നതിന് തുല്യമാണെന്നാണ് തേജസിന്റെ അവകാശവാദം. പരീക്ഷണം വിജയമായതോടെ അദ്ദേഹം മുംബൈ ആസ്ഥാനമാക്കി ഒരു സ്റ്റാർട്ടപ്പും ആരംഭിച്ചു. കാർബൺ ക്രാഫ്സ്റ്റ് ഡിസൈൻ. എന്നാണ് കമ്പനിയുടെ പേര്.
കറുപ്പ്, ചാരനിറത്തിന്റെ നാല് ഷേഡുകൾ ,വെള്ള, എന്നിങ്ങനെ ആറു നിറങ്ങളിൽ 15 ഷെയ്ഡുകളിൽ തേജസിന്റെ കമ്പനി ടൈലുകൾ നിർമ്മിക്കുന്നുണ്ട്. ഇത് വരെ ഏകദേശം 40,000 ത്തിലധികം ടൈലുകൾ അദ്ദേഹം നിർമ്മിച്ചു വിറ്റഴിച്ചു. കൈകൾ കൊണ്ട് നിർമ്മിച്ച ടൈലുകൾക്ക് 100 രൂപയാണ് വിപണി വില. ഒരു ചതുരശ്ര മീറ്ററിന് 190 രൂപയും തേജസ് തന്റെ ടൈലുകൾക്കായി ഈടാക്കുന്നു.
ഇനി ടൈലുകൾ ആളുകൾക്ക് ഇഷ്ടത്തിനനുസരിച്ച് ഡിസൈൻ ചെയ്യാനുള്ള ഓപ്ഷനും തേജസ് നൽകുന്നുണ്ട്. തന്റെ പദ്ധതി കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് തേജസിന്റെ അടുത്ത ലക്ഷ്യം. ലോകം മുഴുവനും തന്റെ ടൈലിന് ആവശ്യക്കാരുണ്ടാക്കി ബിസിനസ് വളർത്തുന്നതിനോടൊപ്പം ലോകത്ത് പുറന്തള്ളുന്ന കാർബണിന്റെ അളവും കുറയ്‌ക്കുക എന്ന പരിസ്ഥിതിസ്നേഹവും ഈ യുവ സംരംഭകനുണ്ട്.
വായുമലിനീകരണം കാരണം പ്രതിവർഷം ലോകത്ത് 70 ലക്ഷം പേർ മരിക്കുന്നുണ്ടെന്ന് അറിയുമ്പോഴാണ് ഇത് എത്രത്തോളം അപകടകരമാണെന്ന് നമുക്ക് മനസിലാകുക. അവിടെയാണ് തേജസിനെ പോലെ ന്യൂ ജെൻ ഐഡിയയുമായി വരുന്ന സംരംഭകർ ദൈവതുല്യരാകുന്നതും….















Comments