ന്യൂഡൽഹി : വർഷങ്ങളോളം ഇന്ത്യ അടക്കി ഭരിച്ച മുഗൾ രാജാക്കന്മാരുടെ പേരുകൾ മാറ്റി റോഡുകൾക്ക് ഇന്ത്യയിലെ പ്രമുഖ വ്യക്തികളുടെ പേര് നൽകണമെന്ന ആവശ്യവുമായി ബിജെപി. ഡൽഹി ബിജെപി അദ്ധ്യക്ഷൻ അദേഷ് ഗുപ്തയാണ് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിലിനോട് ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്തെ 40 ഗ്രാമങ്ങളുടെ പേര് മാറ്റണമെന്നും കെജ്രിവാൾ സർക്കാരിനോട് അദേഷ് ഗുപ്ത ആവശ്യപ്പെട്ടു.
ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷങ്ങൾക്ക് ശേഷവും, രാജ്യത്തെ ചില റോഡുകളുടെ പേര് അടിമത്തത്തെ പ്രതീകപ്പെടുത്തുന്നു. ഇത് മാറണം. തുഗ്ലഖ് റോഡിന്റെ പേര് ഗുരു ഗോബിന്ദ് സിംഗ് എന്നും ബാബർ ലേയ്‌നിന്റെ പേര് കുദിരം ബോസ് എന്നും മാറ്റണം. ഔറംഗസീബ് ലേയ്‌നിനെ ഡോ. എപിജെ അബ്ദുൾ കലാം ലേയ്ൻ എന്നാക്കണം. ഹുമയൂർ റോഡിന്റെ പേര് മഹർഷി വാത്മീകി റോഡ് എന്നും ഷാജഹാൻ റോഡിന്റെ പേര് ജനറൽ ബിപിൻ റാവത്ത് റോഡ് എന്നുമാക്കി മാറ്റണം.
അക്ബർ റോഡിന്റെ പേര് മാറ്റി, മുഗളന്മാർക്കെതിരെ പോരാടിയ ഹിന്ദുക്കളുടെ അഭിമാനമായ മഹാറാണ പ്രതാപിന്റെ പേര് നൽകണമെന്നും അദേഷ് ഗുപ്ത ആവശ്യപ്പെട്ടു. ഹുമയൂൺപൂർ, യൂസഫ് സറായി, ബീഗംപൂർ, സായ്ദുൾ അജബ്, ഹൗസ് ഖാസ് എന്നീ ഗ്രാമങ്ങളുടെ പേര് മാറ്റി ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെയും, രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ രക്തസാക്ഷികളുടെയും, ഡൽഹി കലാപത്തിലെ ഇരകളുടെയും പേര് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Comments