പാലക്കാട് : പാലക്കാട് ആർഎസ്എസ് മുൻ ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ നിർണായക വിവരങ്ങൾ പുറത്ത്. കൊങ്ങാട് സ്റ്റേഷനിലെ ഫയർ ഓഫീസർ ജിഷാദാണ് അറസ്റ്റിലായത്. ആർഎസ്എസ് മണ്ഡൽ ബൗദ്ധിഖ് പ്രമുഖ് ആയിരുന്ന സഞ്ജിത്തിന്റെ കൊലപാതക കേസിലും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സഞ്ജിത്ത് കൊല്ലപ്പെട്ട അന്നും ശ്രീനിവാസൻ കൊല്ലപ്പെട്ട അന്നും ജിഷാദ് ആർഎസ്എസ് നേതാക്കളുടെ വീടുകൾ തേടി പോയി എന്ന് അന്വേഷണ സംഘം കണ്ടെത്തി.
കൊല്ലപ്പെടേണ്ട ആർഎസ്എസ് നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കിയിരുന്നത് ജിഷാദാണ്. സഞ്ജിത്ത് എവിടെ പോവുന്നു, വീട്ടിൽ നിന്ന് എപ്പോൾ പുറത്തിറങ്ങും തുടങ്ങിയ കാര്യങ്ങൾ കൊലപാതക സംഘത്തിന് വേണ്ടി തയ്യാറാക്കിയതും ജിഷാദ് തന്നെ. സഞ്ജിത്ത് കൊല്ലപ്പെട്ട അന്നും ശ്രീനിവാസൻ കൊല്ലപ്പെട്ട അന്നും ജിഷാദ് പുതുനഗരം ഭാഗത്തെ ആർഎസ്എസ് നേതാക്കളെ തേടി പോയി എന്നാണ് വിവരം. ഉടൻ തന്നെ ഇയാളെ സഞ്ജിത്ത് കൊലപാതകക്കേസിലും പ്രതിചേർക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്.
2017 മുതൽ ഫയർഫോഴ്‌സിൽ ജോലി ചെയ്തു വരികയാണ്. അതേസമയം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഫയർഫോഴ്‌സ് പരിശീലനം കൊടുത്ത സംഭവം നേരത്തെ വിവാദമായിരുന്നു. ആലുവയിലെ പ്രിദയർശിനി ഹാളിൽ വെച്ചാണ് പോപ്പുലർ ഫ്രണ്ട് പരിപാടിക്കെത്തിയ അഗ്നിശമന സേന ഉദ്യോഗസ്ഥർ പ്രത്യേക പരിശീലനം നൽകിയത്. അത് വെറുതെ ആയില്ല എന്ന ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
Comments