പാലക്കാട്: ആർഎസ്എസ് സ്വയം സേവകരായ ശ്രീനിവാസൻ, സഞ്ജിത്ത് കൊലപാതകത്തിൽ അറസ്റ്റിലായ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ജിഷാദുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കോങ്ങാട് ഫയർ സ്റ്റേഷനിലെ ജീവനക്കാരനാണ് ഇയാൾ. കൊടുവായൂർ സ്വദേശിയായ പ്രതി ഇന്നലെയാണ് അറസ്റ്റിലായത്. സുബൈർ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയവരിൽ ഒരാളാണ് ജിഷാദ്.
സഞ്ജിത്തിന്റെ യാത്രാ വിവരങ്ങൾ തയ്യാറാക്കിയതും ജിഷാദായിരുന്നു. സഞ്ജിത്ത് കൊല്ലപ്പെടുന്ന സമയത്തും, ശ്രീനിവാസൻ കൊലപാതക സമയത്തും ജിഷാദിന്റെ നേതൃത്വത്തിലുള്ള സംഘം ആർഎസ്എസ് നേതാക്കളുടെ വീടുകൾ തേടിയും പോയിരുന്നു. പുതുനഗരം ഭാഗത്തെ ആർഎസ്എസ് നേതാക്കളെ അന്വേഷിച്ചാണ് സംഘം പോയത്.
2017 മുതൽ ഫയർഫോഴ്‌സിൽ ജോലി ചെയ്ത് വരികയാണ് ജിഷാദ്. നിലവിൽ ഇയാളെ ശ്രീനിവാസൻ വധക്കേസിൽ മാത്രമാണ് പ്രതി ചേർത്തിട്ടുള്ളത്. ഉടൻ സഞ്ജിത്ത് കേസിലും പ്രതി ചേർക്കുമെന്ന് പോലീസ് അറിയിച്ചു. നേരത്തെ സഞ്ജിത്ത് കേസിൽ മുഖ്യ ആസൂത്രകനായ സ്‌കൂൾ അദ്ധ്യാപകനും അറസ്റ്റിലായിരുന്നു.
Comments