കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ അനുഭവിക്കുന്ന ദാരിദ്ര്യം അതിന്റെ ഏറ്റവും ഉയർന്ന സ്ഥിതിയിലാണെന്ന് യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാം. അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയോളം പേരും കടുത്ത പട്ടിണി അനുഭവിക്കുന്നുവെന്നാണ് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോർട്ടിൽ പറയുന്നത്. അഫ്ഗാനിസ്ഥാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി ദശലക്ഷക്കണക്കിന് ആളുകളുടെ മുന്നോട്ടുള്ള ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു.
19.7 ദശലക്ഷം ജനങ്ങൾ അതായത് അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയോളം പേർ കടുത്ത പട്ടിണിയാണ് നേരിടുന്നത്. തണുപ്പുകാലത്ത് ഇവിടുത്തെ ജനങ്ങൾക്കായി അന്താരാഷ്‌ട്രസമൂഹം നൽകിയ സംഭാവന വലിയ ദുരന്തമാണ് ഒഴിവാക്കിയത്. എന്നാൽ പട്ടിണി ഇപ്പോഴും അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലുമായി നടത്തിയ സർവ്വേ പ്രകാരമാണ് ഈ വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്.
ഈ വർഷം ജൂൺ-നവംബർ മാസത്തോടെ ഭക്ഷ്യസുരക്ഷയിൽ നേരിയ പുരോഗതിയുണ്ടാകുമെന്ന് ഇതിൽ പറയുന്നു. കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന ആളുകളുടെ എണ്ണത്തിൽ കുറവുണ്ടാകും. കുട്ടികൾ ഉൾപ്പെടെ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേകം പദ്ധതികൾ സാമ്പത്തിക മന്ത്രാലയം ആവിഷ്‌കരിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
Comments