ജാർഖണ്ഡ്:ഝാർഖണ്ഡിലെ ഖനനവകുപ്പ് സെക്രട്ടറി പൂജാ സിംഗാൾ അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വിശ്വസ്തയായ ഐഎഎസ് ഉദ്യോഗസ്ഥയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
ഖൂണ്ഡി ജില്ലയിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് വെട്ടിപ്പ് നടന്ന സമയം തന്നെ പൂജയുടേയും ഭർത്താവ് അഭിഷേക് ഝായുടേയും അക്കൗണ്ടുകളിലേക്ക് അനധികൃത നിക്ഷേപം എത്തിയെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഈ രീതിയിൽ 2008 നും 2011 നും ഇടയിൽ മാത്രം ലഭിച്ചത് 1.43 കോടി രൂപയാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശനിയാഴ്ച അറസ്റ്റിലായ സിംഗാളിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് സുമൻ കുമാറിനെ റാഞ്ചി കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.
201713 കാലയളവിൽ അക്കൗണ്ടിലേക്ക് പണം മാറ്റി ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുക്കാനും പൂജ സിംഗാൾ വൻ തുക വിനിയോഗിച്ചതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. 2005-06 കാലയളവിലും 2012-13 കാലയളവിലും ലൈഫ് ഇൻഷൂറൻസ് പോളിസികൾക്കായി 80.81 ലക്ഷം രൂപയാണ് പൂജ മുടക്കിയത്.
പോളിസികൾ മെച്വർ ആകുന്നതിനിപ്പുറം ക്ലോസ് ചെയ്യുകയും അതിലൂടെ 84.64 ലക്ഷം രൂപ ലഭിക്കുകയും ചെയ്തതായി ഏജൻസി ചൂണ്ടിക്കാട്ടി. ഈ തുക പലർക്കായി കൈമാറ്റം ചെയ്തതിന്റെ വിവരങ്ങളും ഇഡി പുറത്തുവിട്ടിട്ടുണ്ട്.
പൂജാ സിംഗാളിന്റെയും അവരുമായി ബന്ധം പുലർത്തുന്നവരുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ 19 കോടി രൂപയുടെ കള്ളപ്പണം ഇഡി പിടിച്ചെടുത്തിരുന്നു. ഇതിൽ 17 കോടി രൂപ പൂജയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് സുമൻ കുമാറിന്റെ വസതിയിൽ നിന്നാണ് കണ്ടെത്തിയത്. മറ്റൊരിടത്ത് നിന്ന് 1.8 കോടി രൂപയും കണ്ടെത്തി. പരിശോധനയിൽ പൂജയുടെ പക്കൽ നിന്നും നിർണായക രേഖകളും ഡിജിറ്റൽ വിവരങ്ങളും പിടിച്ചെടുത്തിരുന്നു.
















Comments