ചെന്നൈ : കോയമ്പത്തൂർ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ടര കോടിയിലേറെ രൂപയുടെ മയക്കുമരുന്നുമായി വിദേശ വനിത പിടിയിൽ. ഉഗാണ്ട സ്വദേശി സാന്ദ്രനന്റെസ്റ്റയാണ് പിടിയിലായത്. 892 ഗ്രാം മയക്കുമരുന്ന് ഇവരിൽ നിന്നും പിടിച്ചെടുത്തു.
എയർ അറേബ്യ വിമാനത്തിൽ കോയമ്പത്തൂരിൽ എത്തിയ സാന്ദ്രനന്റെസ്റ്റയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. വയറ്റിൽ ഒളിപ്പിച്ചാണ് ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.
കഴിഞ്ഞ മെയ് ആറിനായിരുന്നു സംഭവം. കോയമ്പത്തൂരിൽ വിമാനം ഇറങ്ങിയ യുവതിയെ സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു. എക്‌സ്റേ പരിശോധനയിൽ വയറ്റിൽ ഗുളികരൂപത്തിൽ മയക്കുമരുന്ന് ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ നാലുദിവസം പരിശോധിച്ചാണ് വയറ്റിൽ നിന്ന് 81 ഗുളികകൾ കണ്ടെത്തിയത്.
നിയമപ്രകാരം മയക്കുമരുന്ന് കേസിൽ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ ചെന്നൈ പുഴൽ ജയിലിലടച്ചു. കോയമ്പത്തൂർ വിമാനത്താവളത്തിൽനിന്നും പിടികൂടുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
















Comments