ലക്‌നൗ: മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കിക്കൊണ്ടുളള യോഗി സർക്കാരിന്റെ തീരുമാനത്തിനെതിരെ എഐഎംഐഎം നേതാവ് അസാദുദ്ദീൻ ഒവൈസി. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയത് മദ്രസകളാണെന്നും അന്ന് സംഘപരിവാർ ഇല്ലായിരുന്നുവെന്നും ഒവൈസി പറഞ്ഞു. തനിക്ക് രാജ്യസ്‌നേഹത്തിനുളള സർട്ടിഫിക്കറ്റ് ബിജെപിയും യോഗിയും നൽകേണ്ടെന്നും ഒവൈസി പ്രതികരിച്ചു.
മദ്രസകളിൽ രാജ്യത്തോടുളള സ്‌നേഹമാണ് പഠിപ്പിക്കുന്നത്. ഓഗസ്റ്റ് 15 നും ജനുവരി 26 നും എല്ലാ മദ്രസകളിലും ദേശസ്‌നേഹത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. പക്ഷെ അവരെ സംശയത്തോടെ കാണുന്നതുകൊണ്ടാണ് ഇത്തരം നിയമങ്ങൾ ഉണ്ടാക്കുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.
മതപഠന സ്ഥാപനമായാലും വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് എല്ലായിടത്തും ജനഗണമന ആലപിക്കണമെന്ന കർശന നിർദ്ദേശം യോഗി ആദിത്യനാഥ് സർക്കാർ പുറപ്പെടുവിച്ചത്. ഉത്തർപ്രദേശ് മദ്രസാ എഡ്യൂക്കേഷൻ കൗൺസിലാണ് ദേശീയഗാനം നിർബന്ധമാക്കിയത്.
എല്ലാദിവസവും രാവിലെ പഠനം ആരംഭിക്കുന്നതിന് മുമ്പാണ് ദേശീയഗാനം ചൊല്ലേണ്ട തെന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തർപ്രദേശിലെ മതപഠനസ്ഥാപനങ്ങളിൽ ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന ആരോപണം ഒരു കാലഘട്ടത്തിൽ ശക്തമായിരുന്നു. മദ്രസകൾ ഭീകരരുടെ കേന്ദ്രമാകുന്നുവെന്ന വാദവും നിരവധി സംഘടനകൾ ഉന്നയിച്ചിരുന്നു.
കൊറോണ കാലത്തിന് മുന്നേ തന്നെ ഉത്തർപ്രദേശിൽ മതപഠന നിയമങ്ങളും മതപരിവർ ത്തന നിരോധന നടപടികളും ശക്തമാക്കുകയാണ് യോഗി ആദിത്യനാഥ് ചെയ്തത്. മദ്രസകൾ നിർത്തലാക്കാതെ പ്രത്യേകം മദ്രസാ വിദ്യാഭ്യാസ കൗൺസിൽ സ്ഥാപിച്ചുകൊണ്ടാണ് സമഗ്രമാറ്റം വരുത്തിയത്.
















Comments