അനന്ത്‌നാഗ്: കശ്മീരിൽ ഈദ് ദിനത്തിൽ സുരക്ഷാസേനയ്‌ക്ക് നേരെ കല്ലെറിഞ്ഞ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പെടെയാണ് അറസ്റ്റിലായത്. അനന്ത്‌നാഗിലാണ് ഈദ് ഗാഹിന് ശേഷം വിശ്വാസികൾ മടങ്ങുന്നതിനിടെ അക്രമികൾ സുരക്ഷാസേനക്ക് നേരെ കല്ലെറിഞ്ഞത്.
വിശ്വാസികളുടെ പ്രാർത്ഥനയ്‌ക്കിടെ സ്വതന്ത്ര കശ്മീർ എന്ന മുദ്രാവാക്യം വിളിച്ച് ചിലർ പുറത്തുനിന്നും എത്തുകയായിരുന്നു. ഇതിനിടെ സുരക്ഷാസേനാംഗങ്ങൾ സ്ഥലത്ത് എത്തിയതോടെയാണ് അക്രമത്തിലേക്ക് തിരിഞ്ഞത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഇക്കുറി പെരുന്നാളുമായി ബന്ധപ്പെട്ട് കശ്മീരിലെങ്ങും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു സുരക്ഷാസേനാംഗങ്ങൾ സ്ഥലത്ത് എത്തിയത്.
സഹിൽ താരിഖ് ഷാ, മൊയിൻ മജീദ് എന്നിവരാണ് അറസ്റ്റിലായ പ്രായപൂർത്തിയാകാത്തവർ. ഇവരെ ശ്രീനഗറിലെ ജുവനൈൽ ഹോമിലേക്ക് അയച്ചു. അറസ്റ്റിലായ മൂന്നാമത്തെ വ്യക്തി സഹിദ് അഹമ്മദ് ഗുറു പോലീസ് റിമാൻഡിലാണ്. അനന്ത്‌നാഗ് പോലീസാണ് ഇവരുടെ അറസ്റ്റ് വിവരം പുറത്തുവിട്ടത്.
സംഭവത്തിൽ ഫസീൽ ഖുർഷിദ്, മജീദ് അഹമ്മദ് എന്നീ രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായുളള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. അക്രമസമയത്ത് പൊതുജനങ്ങളുടെ സുരക്ഷയെക്കരുതി സുരക്ഷാസേന സംയമനം പാലിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
















Comments