കീവ്: യുക്രെയ്‌ന്റെ പല മേഖലകളിലും കടന്നുകയറിയെന്ന റഷ്യൻ വാദം തെറ്റാണെന്ന തെളിവുമായി ബ്രിട്ടൻ രംഗത്ത്. ഡോൺബാസ് മേഖല തങ്ങളുടെ അധീനതയിലാണെന്ന് മാസങ്ങൾക്കു മുന്നേ റഷ്യ നടത്തിയ അവകാശവാദമാണ് ബ്രിട്ടീഷ് പ്രതിരോധ വകുപ്പ് തള്ളുന്നത്. കിഴക്കൻ യുക്രെയ്‌നിലെ ഡോൺബാസ് നദി കടക്കാൻ റഷ്യ പലതവണ ശ്രമിച്ചിട്ടും യുക്രെയ്ൻ സൈനികർ അതിനെ പ്രതിരോധിച്ചെന്നാണ് റിപ്പോർട്ട്.
റഷ്യൻ സൈന്യം നദികടക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യമാണ് ബ്രിട്ടൺ പുറത്തുവിട്ടത്. സിവർസ്‌കി ഡോണെറ്റ്‌സ് എന്ന് വിളിക്കുന്ന നദി കടക്കാനാണ് റഷ്യൻ സൈനികർ പരാജയപ്പെടുന്നത്. യുക്രെയ്ൻ സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ ടാങ്കുകളടക്കം പലതും നഷ്ടപ്പെട്ടെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം ഒരു ബറ്റാലിയൻ സൈനികരും പരിക്കുകളേറ്റ് പിന്മാറിയെന്നാണ് സൂചന.
കീവിൽ നിന്നും ചെർണീഹിവിൽ നിന്നും സൈന്യത്തെ പിൻവലിച്ച റഷ്യ മറ്റ് പലമേഖലകളും കയ്യിലാക്കാനാണ് ശ്രമിക്കുന്നത്. മരിയൂപോൾ തുറമുഖ നഗരത്തെ തകർത്ത റഷ്യ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ മറ്റ് പല പ്രദേശങ്ങളിലും കനത്ത തിരിച്ചടിയാണ് യുക്രെയ്ൻ സൈന്യം നൽകുന്നതെന്നാണ് പുറത്തുവരുന്ന വാർത്ത.
















Comments