ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ വേട്ടക്കാരും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. വേട്ടയ്‌ക്കെത്തിയ സംഘത്തെ തടയാൻ ശ്രമിച്ച പോലീസുകാരെ സംഘം വെടിവച്ച് വീഴ്‌ത്തുകയായിരുന്നു. ഗ്വാളിയാർ-ചമ്പൽ മേഖലയിൽ രാജസ്ഥാനുമായി അതിർത്തി പങ്കിടുന്ന ആരോൺ പ്രദേശത്താണ് സംഘർഷം ഉണ്ടായത്.
എട്ടോളം വരുന്ന പോലീസുകാരുടെ സംഘമാണ് വേട്ടക്കാർക്ക് നേരെ വെടിയുതിർത്തത്. ഇവർ വേട്ടയാടിയ മാനുകളും മയിലുകളുമായി രക്ഷപെടാനുള്ള ശ്രമം പോലീസ് തടഞ്ഞതോടെയാണ് വെടിവയ്പ്പ് ഉണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം തിരച്ചിലിന് എത്തിയത്.
സബ് ഇൻസ്‌പെക്ടർ രാജ്കുമാർ ജാദവ്, ഹെഡ് കോൺസ്റ്റബിൾ സാൻത്രാം മീണ, നീരജ് ഭാർഗന എന്നിവരാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം വേട്ടക്കാരിൽ ഒരാളെ തിരിച്ചുള്ള ഏറ്റുമുട്ടലിൽ പോലീസിന് വധിക്കാൻ സാധിച്ചിട്ടുണ്ട്. ഇവർ വേട്ടയാടിയ മാനുകളുടേയും മയിലുകളുടേയും ശരീര ഭാഗങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
















Comments