ന്യൂയോർക്ക്: ന്യൂയോർക്കിൽ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ബഫലോ നഗരത്തിലെ ടോപ്‌സ് ഫ്രണ്ട്ലി സൂപ്പർമാർക്കറ്റിലാണ് വെടിവയ്പ്പുണ്ടായത്. പട്ടാളക്കാരന്റേത് എന്ന് തോന്നിപ്പിക്കുന്ന വേഷം ധരിച്ചെത്തിയ പേടെൻ ജെൻഡ്രൻ (18) എന്നയാളാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അക്രമി സൂപ്പർമാർക്കറ്റിലേക്ക് ആദ്യം കയറുകയും പിന്നീട് പുറത്തിറങ്ങി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സമീപമെത്തി ആളുകൾക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഹെൽമെറ്റിൽ ഘടിപ്പിച്ച ക്യാമറയിലൂടെ അക്രമി തന്നെ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. വെടിവയ്പ്പിന്റെ ലൈവ് സ്ട്രീമിങ്ങിനായി ക്യാമറ ഘടിപ്പിച്ച ഹെൽമറ്റ് ധരിച്ചാണ് ഇയാൾ എത്തിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ ജോസഫ് ഗ്രമാഗ്ലിയ മാദ്ധ്യമങ്ങളോടു പറഞ്ഞു.
സൂപ്പർമാർക്കറ്റിന് പുറത്തുള്ള നാലു പേരെയാണ് അക്രമി ആദ്യം വെടിവച്ചത്. സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരൻ വെടിവച്ച് ഇയാളെ പ്രതിരോധിക്കാൻ നോക്കിയെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ അക്രമിക്ക് പരിക്കേറ്റില്ല. ഇതിന് പിന്നാലെ സുരക്ഷാ ജീവനക്കാരനേയും അക്രമി വെടിവച്ച് കൊന്നു. ഇതിന് പിന്നാലെ ഇയാൾ കടയ്‌ക്കുള്ളിലേക്ക് കയറി കൂടുതൽ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റവരിൽ 11 പേർ കറുത്ത വർഗക്കാരും രണ്ടു പേർ വെളുത്ത വർഗക്കാരുമാണെന്ന് പോലീസ് പറഞ്ഞു. കറുത്ത വർഗക്കാർ കൂടുതലായി താമസിക്കുന്ന പ്രദേശത്തായിരുന്നു ആക്രമണം. വംശീയ പ്രേരിതമാണോ ആക്രമണമെന്ന് അന്വേഷിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments